സ്വവര്‍ഗാനുരാഗിയായ സുഹൃത്തും മറ്റൊരാളും തമ്മിലുള്ള ലൈംഗിക ബന്ധങ്ങള്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ധാരുണ്‍ രവി കുറ്റക്കാരനാണെന്ന് അമേരിക്കന്‍ ജൂറി വിധിച്ചു. ഇയാള്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. തടവുകാലാവധി കഴിയുമ്പോള്‍ വിദ്യാര്‍ഥിയെ ഇന്ത്യയിലേക്ക് നാടുകടത്താനും ജൂറി ശുപാര്‍ശ ചെയ്യും.
തന്റെ മുറിയില്‍ താമസിച്ചിരുന്ന ടൈലര്‍ ക്ലെമന്റി എന്ന സഹപാഠിയും മറ്റൊരാളും തമ്മിലുള്ള സ്വവര്‍ഗ ലൈംഗികബന്ധം കാണുകയും അത് വീഡിയോയിലാക്കുകയും അയാളെക്കുറിച്ച് അപവാദം പറയുകയും ചെയ്തതിലൂടെ ധാരുണ്‍ രവി വിദ്വേഷക്കുറ്റമാണ് ചെയ്തതെന്ന് ജൂറി അഭിപ്രായപ്പെട്ടു. 2010-ലാണ് സംഭവം. അപമാനത്തെത്തുടര്‍ന്ന് ജോര്‍ജ് വാഷിങ്ടണ്‍ പാലത്തിനു മുകളില്‍നിന്ന് ചാടി ക്ലെമന്റി ആത്മഹത്യ ചെയ്തു. എന്നാല്‍, ക്ലെമന്റിന്റെ മരണവുമായി രവിക്ക് ബന്ധമുണ്ടെന്ന് കോടതി വിധിച്ചിട്ടില്ല. ഏഴു സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങുന്ന ജൂറി രവിക്കുള്ള ശിക്ഷ മെയ് 21-ന് വിധിക്കും.
ഭയപ്പെടുത്തല്‍, സ്വകാര്യതയിലുള്ള കടന്നുകയറ്റം തുടങ്ങി 15 കുറ്റകൃത്യങ്ങളാണ് മുന്‍ റട്ട്‌ഗേഴ്‌സ് സര്‍വകലാശാല വിദ്യാര്‍ഥിയും 20-കാരനുമായ രവിയുടെ പേരിലുള്ളത്. സുഹൃത്തിന്റെ സ്വവര്‍ഗാനുരാഗത്തിന്റെ വിവരങ്ങള്‍ രവി ട്വിറ്ററിലൂടെയും മറ്റും പ്രചരിപ്പിച്ചുവെന്ന് കോടതി കണ്ടെത്തി. ഇവര്‍ തമ്മിലുള്ള ബന്ധം കാണാന്‍ രവി മറ്റു സുഹൃത്തുക്കളെ റൂമിലേക്ക് വിളിച്ചുവരുത്തിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല