സ്വന്തം ലേഖകന്‍: ഇന്ത്യക്കാരിയായ അമേരിക്കന്‍ പ്രവാസി യുവതി കോസ്റ്റാറിക്കന്‍ തീരത്ത് സ്‌കൂബ ഡൈവിങ്ങിനിടെ കടുവ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബംഗളൂരു സ്വദേശിനിയയാ രോഹിന ഭണ്ഡാരി (49) ആണു കൊല്ലപ്പെട്ടത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അതീവ അപകടകാരിയായ ‘കടുവ സ്രാവി’ന്റെ ആക്രമണത്തിലാണ് രോഹിനയുടെ മരണമെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.
കോസ്റ്റ റിക്ക തീരത്തു നിന്നു മാറിയുള്ള കൊക്കോസ് ഐലന്‍ഡ് ദേശീയ പാര്‍ക്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്‌കൂബ ഡൈവിങ്ങിനു ശേഷം മുകളിലേക്ക് നീന്തിക്കൊണ്ടിരിക്കെയാണ് സ്രാവ് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന ഡൈവിങ് ഗൈഡ് സ്രാവിനെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇരുകാലുകളിലും ആഴത്തിലുള്ള മുറിവുകളേറ്റാണു രോഹിനയുടെ മരണം.
ഗൈഡിനു നേരെയും സ്രാവ് തിരിഞ്ഞെങ്കിലും സമീപത്തു ബോട്ടിലുണ്ടായിരുന്നയാള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ജിം എന്ന ഗൈഡിന് ഒരു കാലില്‍ കടിയേറ്റിട്ടുണ്ട്, എന്നാല്‍ പരുക്ക് ഗുരുതരമല്ല. രോഹിന സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടതായി പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. 18 പേരടങ്ങുന്ന സംഘത്തിനൊപ്പം കൊക്കോ ദ്വീപില്‍ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു രോഹിന.
സാധാരണ അതിരാവിലെയും സന്ധ്യയ്ക്കുമാണ് സ്‌കൂബ ഡൈവിങ് മേഖലയില്‍ സ്രാവുകളുടെ ഭീഷണിയുണ്ടാകാറുള്ളത്. എന്നാല്‍ കൊക്കോ ദ്വീപില്‍ അത്തരം പ്രശ്‌നങ്ങളുണ്ടാകാറില്ലെന്നും അധികൃതര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗളൂരുവില്‍ നിന്ന് മാന്‍ഹട്ടനിലേക്കു കുടിയേറിയവരാണ് രോഹിനയുടെ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല