സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചുട്ട മറുപടി, ശക്തമായ ആക്രമണത്തില്‍ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സൈനികരുടെ തലയറുത്തുമാറ്റുകയും മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന് മറുപടുയായാണ് അതിര്‍ത്തിക്ക് അപ്പുറത്തെ പാക്ക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. സൈന്യം പാക്ക് പോസ്റ്റുകള്‍ തകര്‍ത്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കരസേന പുറത്തുവിട്ടു.
ഭീകരരെ നുഴഞ്ഞു കയറാന്‍ സഹായിക്കുന്ന ജമ്മു കശ്മീരിലെ രജൗറിയിലെ നൗഷേര സെക്ടറിലെ പാക്ക് പോസ്റ്റുകളാണ് റോക്കറ്റ് ലോഞ്ചറുകളും ടാങ്ക് വേധ മിസൈലുകളും ഉപയോഗിച്ച് കരസേന തകര്‍ത്തത്. അതിര്‍ത്തിയില്‍ സൈന്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സൈന്യത്തെ അഭിനന്ദിച്ചു.
അതിര്‍ത്തിയിലെ ഭീഷണികളെ ഇല്ലാതാക്കുക സൈന്യത്തിന്റെ കടമയാണെന്ന് പാക് പോസ്റ്റുകള്‍ തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് മേജര്‍ ജനറല്‍ അശോക് നരൂല പറഞ്ഞു. ഭീകരതയ്‌ക്കെതിരായ നടപടിയുടെ ഭാഗമായാണ് കരസേനയുടെ ആക്രമണമെന്നും സൈന്യം വിശദീകരിച്ചു.ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിച്ച് രണ്ട് ജവാന്മാരുടെ തലയറുത്ത പാക് നടപടിക്കുള്ള തിരിച്ചടിയായാണ് അതിര്‍ത്തിയിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായി തകര്‍ക്കുന്നത്.
മെയ് 9ന് കൃഷ്ണഘാട്ടി സെക്ടറിലെ പാക് പോസ്റ്റുകളും റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് സൈന്യം തകര്‍ത്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് നൗഷേര സെക്ടറിലും പാക് പോസ്റ്റുകള്‍ തകര്‍ത്തത്. റോക്കറ്റ് ലോഞ്ചറുകളും ടാങ്ക് വേധ മിസൈലുകളും ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.അതിര്‍ത്തി പോസ്റ്റുകളിലെ സൈനികരുടെ ശ്രദ്ധ തിരിച്ച ശേഷം ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന പാക് സൈനിക നടപടിയെ ഇന്ത്യന്‍ സൈന്യം അപലപിച്ചു.
അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ശക്തമായ നടപടിയിലേക്ക് കരസേന കടക്കുകയാണെന്ന സൂചനകള്‍ക്കിടെയാണ് പാക് പോസ്റ്റുകള്‍ തകര്‍ത്ത ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരിക്കുന്നത്. മെയ് 2021 തീയതികളില്‍ കശ്മീരിലെ നൗഗാമില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചിരുന്നു. ജമ്മു കശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ ഭീകരരെ കയറ്റിവിടുന്ന പാക് പോസ്റ്റുകള്‍ തകര്‍ത്ത നടപടി സഹായിക്കുമെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല