സ്വന്തം ലേഖകൻ: ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിയന്ത്രങ്ങള്‍ കടുപ്പിച്ച് ഇന്ത്യ. കരസേന ഉദ്യോഗസ്ഥരോട് 89 ആപ്പുകള്‍ മൊബൈലില്‍നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍, പബ്ജി അടക്കമുള്ള മൊബൈല്‍ ഗെയിമുകള്‍, ടിന്‍ഡര്‍ പോലുള്ള 15 ഡേറ്റിങ് ആപ്പുകള്‍, ട്രൂകോളര്‍, വാര്‍ത്താധിഷ്ഠിത പ്ലാറ്റ്‌ഫോമായ ഡെയ്‌ലി ഹണ്ട് തുടങ്ങിയ ആപ്പുകള്‍ ഒഴിവാക്കാനാണ് നിര്‍ദ്ദേശം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വിശദീകരണം. വിവരച്ചോര്‍ച്ച തടയുന്നതിന് സൈനികര്‍ ഈ ആപ്പുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
ജൂലൈ 15നകം ഈ ആപ്പുകളിലെ അക്കൗണ്ട് ഉപേക്ഷിച്ച് മൊബൈലില്‍നിന്നും ഒഴിവാക്കാനാണ് കരസേന ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ചൈനീസ് ആപ്പുകള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള ആപ്പുകളെയും ഉള്‍പ്പെടുത്തിയാണ് തീരുമാനം.
2019 നവംബറില്‍ വാട്‌സ് ആപ്പിലൂടെ ഔദ്യോഗിക വിവരങ്ങള്‍ കൈമാറരുതെന്ന് കരസേന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫേസ്ബുക്കിന്റെ ഉപയോഗത്തിന് നേരത്തെ നാവിക സേനയും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഒരുമിച്ച് ഇത്രയധികം ആപ്പുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത് ഇത് ആദ്യമായാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല