സ്വന്തം ലേഖകന്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അതിര്‍ത്തി നിര്‍ണയ കരാറില്‍ പരസ്പര ധാരണായിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശേഖ് ഹസീനയുടെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ അതിര്‍ത്തി പുനര്‍നിര്‍ണയ കരാറില്‍ ഒപ്പുവെച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചരിത്ര പ്രധാനമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 41 വര്‍ഷമായി തീര്‍പ്പാകാതെ കിടന്നിരുന്ന അതിര്‍ത്തി തര്‍ക്കമാണ് ഇതോടെ പരിഹാരമായത്. ഒപ്പം രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയും ഇന്ത്യ ബംഗ്ലാദേശിന് വാഗ്ദാനം ചെയ്തു.
കരാര്‍ പ്രകാരം 161 തര്‍ക്ക പ്രദേശങ്ങള്‍ പരസ്പരം കൈമാറും. ഇന്ത്യ 111 ഭൂപ്രദേശങ്ങള്‍ ബംഗ്ലാദേശിന് നല്‍കുമ്പോള്‍ ബംഗ്ലാദേശിന്റെ കൈവശമുള്ള 51 പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമായി മാറും. കരാര്‍ പ്രകാരം ഇന്ത്യക്ക് അഞ്ഞൂറ് ഏക്കര്‍ ഭൂപ്രദേശവും ബംഗ്ലാദേശിന് പതിനായിരം ഏക്കര്‍ പ്രദേശവും ലഭിക്കും.
ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇഷ്ടമെങ്കില്‍ അവിടെത്തന്നെ തുടരുകയോ അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ള രാജ്യത്തേക്ക് മാറിത്താമസിക്കുകയോ ചെയ്യാനനുവദിക്കുന്നതാണ് കരാര്‍. ഇന്ത്യയുടെ ഭാഗമാകുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. ഏകദേശം അമ്പതിനായിരത്തോളം പേരാണ് ഇത്തരം പ്രദേശങ്ങളിലായുള്ളത്.
അതിര്‍ത്തി നിര്‍ണയ കരാര്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ പാര്‍ലിമെന്റില്‍ പാസ്സാക്കിയിരുന്നു. അതിര്‍ത്തി നിര്‍ണയ കരാര്‍ അടക്കം 22 സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിട്ടുണ്ട്. സമുദ്ര സുരക്ഷ, മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയവയാണ് മറ്റു കരാറുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല