1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2011

ലണ്ടന്‍: ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ സൂക്ഷിക്കുന്ന ആയിരക്കണക്കിന് ബ്രിട്ടീഷ്‌കാരുടെ ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. ദ സണ്‍ അന്വേഷണ സംഘം നടത്തിയ സാഹസികമായ ഇടപെടലാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അഴിമതിക്കാരായ ജോലിക്കാര്‍ ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ വെറും പെന്നികള്‍ക്കാണ് വേണ്ടിയാണ് വില്‍ക്കുന്നത്. എല്ലാ ആഴ്ചയിലും 80,000 ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ താന്‍ വില്‍ക്കാറുണ്ടെന്നാണ് വേഷപ്രച്ഛന്നരായ ദ സണ്‍ പത്രത്തിലെ അന്വേഷണ സംഘത്തോട് ഒരു സ്റ്റാഫ് വെളിപ്പെടുത്തിയത്. ആഴ്ചയില്‍ 100,000 ആളുകളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിവാങ്ങുന്ന ബ്രിട്ടീഷുകാരന്‍ ഉള്‍പ്പെടെ തനിക്ക് നിരവധി ബ്രിട്ടീഷ് ക്ലൈന്റുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിവരങ്ങള്‍ പുറത്തായതോടെ സീരിയസ് ഓര്‍ഗനൈസ്ഡ് ക്രൈം ഏജന്‍സി ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഈ തട്ടിപ്പ് കണ്ടെത്തിയ സണ്‍ ടീമിന് 1,000ബ്രിട്ടീഷ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭിച്ചത് 250പൗണ്ടിനാണ്. അതായത് ഒരാളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ മനസിലാക്കി അയാളുടെ പണം കൈക്കലാക്കാന്‍ തട്ടിപ്പുകാരന് ചിലവാകുന്നത് 25പെന്‍സ് മാത്രം.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും, വ്യക്തിപരമായ വിവരങ്ങളും, ക്രഡിറ്റ് കാര്‍ഡ് നമ്പറുകളും, മൂന്നക്കമുള്ള സി.ഡബ്ല്യൂ സെക്യൂരിറ്റി കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് വില്‍ക്കപ്പെടുന്നത്. ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ എക്കൗണ്ട് പാസ് വേര്‍ഡും ലഭ്യമാകും.

കാള്‍ സെന്റര്‍ ഡാറ്റ വില്‍ക്കാന്‍ ഇന്ത്യന്‍ വില്‍പ്പനക്കാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സണ്‍ സംഘം സമീപിക്കുകയായിരുന്നു. നേപ്പാളില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി നടത്തുന്നവരായാണ് സണ്‍ ടീം അഴിമതിക്കാരെ സമീപിച്ചത്. വില്‍പ്പനക്കാരിലൊരാളും മുന്‍ കോള്‍ സെന്റര്‍ ജോലിക്കാരനുമായ ദീപക് ചൗപല്‍ 21 ഉപഭോക്താക്കളുടെ വിശദാംശങ്ങളടങ്ങിയ ഒരു സാമ്പിള്‍ ഡാറ്റ അയച്ചുതരുകയും ചെയ്തു. ഇതില്‍ ബാര്‍ക്ലെ, ലോയ്ഡ്‌സ്, ടി.എസ്.ബി ഉപഭോക്താക്കളുടെ വിവരങ്ങളാണുണ്ടായിരുന്നത്.

പിന്നീട് ദല്‍ഹിയില്‍ ഗുര്‍ഗൗണ്‍ ജില്ലയിലെ ഒരു കഫെയില്‍ വച്ച് 23 കാരനായ ചൗപലിനെ നേരിട്ടുകണ്ടു. അദ്ദേഹം ബ്രിട്ടീഷ് ഉപഭോക്താക്കളുടെ വിശദാംശങ്ങളുള്‍പ്പെട്ട പേജുകള്‍ തന്റെ ലാപ്‌ടോപ്പില്‍ കാണിച്ചുതന്നു. ഇയാള്‍ പിന്നീട് ബി.ടി, വര്‍ജിന്‍ മീഡിയ, എന്‍.ടി.എല്‍, ടിസ്‌കാലി എന്നിവയിലുള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ വ്യക്തിപരമായ വിശദാംശങ്ങള്‍ മെയില്‍ ചെയ്തുതന്നു.

പിന്നീട് ദല്‍ഹിയിലെ ഹാറ്റ് ഹോട്ടലില്‍ വച്ച് കണ്ടപ്പോള്‍ ഒമ്പതു കോള്‍ സെന്ററുകളിലായ തനിക്ക് 25 അനുയായികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘത്തിന്റെ നേതാക്കള്‍ മാസത്തില്‍ 400പൗണ്ട് വരെ ഇതില്‍ നിന്നും ഉണ്ടാക്കുന്നുണ്ട്. ആഴ്ചയില്‍ താന്‍ 5,000 ബ്രിട്ടീഷ് ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ വിശദാംശങ്ങളും, 25,000 ബാങ്ക് അക്കൗണ്ട് വിവരങ്ങളും, 50,000 വ്യക്തിപരമായ വിവരങ്ങളും വില്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.