സ്വന്തം ലേഖകന്‍: അമേരിക്കയിലെ കാന്റണ്‍ നഗരത്തിന്റെ മേയറാകാന്‍ ഇന്ത്യന്‍ വംശജനും മത്സര രംഗത്ത്. യുഎസിലെ മിഷിഗന്‍ സ്റ്റേറ്റിലുള്ള കാന്റണ്‍ നഗരത്തിലാണ് റാഞ്ചിയില്‍ ജനിച്ചു പിന്നീട് അമേരിക്കയിലേക്ക് ചേക്കേറിയ ഡോ സയ്യിദ് താജ് മത്സരത്തിന് ഇറങ്ങുന്നത്. റാഞ്ചിയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ സയ്യിദ് ശിഹാബുദ്ദീന്റെ സഹോദരനാണ് താജ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് താജ് മത്സരിക്കുക.
അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ഡിട്രോയിറ്റിന്റെ അതിര്‍ത്തി പട്ടണമാണ് കാന്റണ്‍. നിലവില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയാണ് ഇവിടം ഭരിക്കുന്നത്. നാലു വര്‍ഷംമുമ്പ് അമേരിക്കയിലെ ജനപ്രതിനിധി സഭയിലേക്ക് ഡോ. സയ്യിദ് താജ് മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. നവംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വിജയിച്ചാല്‍ മിഷിഗനിലെ ആദ്യ ഇന്ത്യന്‍ മേയറായിരിക്കും ഇദ്ദേഹം.
7000 ഇന്ത്യന്‍ വംശജരുള്‍പ്പെടെ ഒരു ലക്ഷത്തോളം ജനസഖ്യയുള്ള നഗരമാണിത്. വിവിധ മതസാമൂഹിക വിഭാഗങ്ങളെ കൂട്ടുപിടിച്ചാണ് മത്സരത്തിനൊരുങ്ങുന്നത്. നിരവധി ഇന്ത്യന്‍ വംശജരുടെ പിന്തുണ താജിനുണ്ട്. കാന്റണിലെ ആരാധന മന്ദിരത്തിന്റെ പ്രസിഡന്റായ ദാവല്‍ വൈഷ്ണവും താജിനൊപ്പം പ്രചാരണത്തിനുണ്ട്.
ട്രംപിനെ കുടിയേറ്റ വിരുദ്ധ നയം മൂലം ഇന്ത്യക്കാരടക്കം മുഴുവന്‍ കുടിയേറ്റക്കാരുടെയും പിന്തുണ ലഭിക്കുമെന്നാണ് താജിന്റെ കണക്കുകൂട്ടല്‍. കുടിയേറ്റക്കാര്‍ ഒരുമിച്ചുനിന്നാല്‍ ഇത്തവണ ചരിത്രം തിരുത്താന്‍ സാധിക്കും. ട്രംപിന് അമേരിക്കയെ വീണ്ടും ‘മഹത്തായതാക്കി പരിവര്‍ത്തിപ്പിക്കണമത്രെ. എന്നാല്‍, ട്രംപും കൂടെയുള്ളവരും അമേരിക്കയെ വീണ്ടും വെള്ളക്കാരുടെ ആധിപത്യത്തില്‍ ആക്കാനാണ് ശ്രമിക്കുന്നതെന്ന് താജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല