സ്വന്തം ലേഖകന്‍: യുഎസില്‍ മുന്‍ വീട്ടുജോലിക്കാരിക്ക് മതിയായ ശമ്പളം നല്‍കിയില്ല, ഇന്ത്യക്കാരിയായ സി.ഇ.ഒക്ക് 1,35,000 ഡോളര്‍ പിഴ. റോസ് ഇന്റര്‍നാഷനല്‍ ആന്‍ഡ് ഐ.ടി സ്റ്റാഫിങ് സി.ഇ.ഒ ഹിമാന്‍ഷു ഭാട്ടിയക്കാണ് നിര്‍ദേശം ലഭിച്ചത്. ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരി ഷീല നിന്‍ഗ്വാളിന്റെ പരാതിയില്‍ 2016 ആഗസ്റ്റിലാണ് തൊഴില്‍വകുപ്പ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
വകുപ്പിന്റെ വേജ് ആന്‍ഡ് അവര്‍ ഡിവിഷന്‍ നടത്തിയ അന്വേഷണത്തില്‍ നിന്‍ഗ്വാളിന് ഭാട്ടിയ മതിയായ ശമ്പളം നല്‍കിയില്ലെന്നും അവരോട് മോശമായി പെരുമാറിയതായും അടിസ്ഥാന ശമ്പളം സംബന്ധിച്ച ഫെഡറല്‍ തൊഴില്‍ നിയമം ലംഘിച്ചതായും വകുപ്പ് കണ്ടെത്തി. 2012 ജൂലൈ മുതല്‍ 2014 ഡിസംബര്‍ വരെയുള്ള രേഖകള്‍ സൂക്ഷിക്കുന്നതിലും ഇവര്‍ വീഴ്ച വരുത്തിയിരുന്നു.
54,348 ഡോളര്‍ ശമ്പളം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 400 ഡോളര്‍ മാത്രമാണ് നിന്‍ഗ്വാളിന് ഭാട്ടിയ നല്‍കിയത്. അവരെ നിരന്തരമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈനില്‍ തൊഴില്‍നിയമം സംബന്ധിച്ച വിവരങ്ങള്‍ തിരയുന്നതു കണ്ടതിനെ തുടര്‍ന്ന് 2014 ഡിസംബറില്‍ ഷീലയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. നിന്‍ഗ്വാളിന്റെ പാസ്‌പോര്‍ട്ട് ഭാട്ടിയ പിടിച്ചുവെച്ചതായും ആരോപണമുണ്ട്.
ശരിയായ ശമ്പളം നല്‍കിയിരുന്നെന്നും ഭാട്ടിയയുമായി തൊഴില്‍ തര്‍ക്കമില്ലെന്നുമുള്ള രേഖകളില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും എന്നാല്‍, താനതിന് വഴങ്ങിയില്ലെന്നും നിന്‍ഗ്വാള്‍ മൊഴി നല്‍കി. തൊഴിലാളികള്‍ ചൂഷണം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് നിയമോപദേഷ്ടാവ് ജാനറ്റ് ഹെറോള്‍ഡ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല