1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2016

സ്വന്തം ലേഖകന്‍: വ്യാജരേഖകള്‍ ഉപയോഗിച്ച് 10 വര്‍ഷം ജില്ലാ ജഡ്ജിയായി ജോലി ചെയ്ത കള്ളന്‍, ഇന്ത്യന്‍ ചാള്‍സ് ശോഭ്‌രാജിന്റെ ജീവിതം. കള്ളന്മാരുടെ കള്ളനായി ഇയാളുടെ പേര് നട്‌വര്‍ലാല്‍ ജൂനിയര്‍ എന്നാണെങ്കിലും പോലിസുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് ഇന്ത്യന്‍ ചാള്‍സ് ശോഭരാജ് എന്നാണ്. 75 കാരനായ നട്‌വര്‍ലാല്‍ ഈയടുത്താണ് അവസാനമായി പിടിയിലായത്.

സിനിമ തോറ്റുപോകുന്ന ജീവിതമാണ് ഈ പെരുങ്കള്ളന്റേത്. 1960 ല്‍ മോഷണ ജീവിതം തുടങ്ങിയ നട്‌വര്‍ലാല്‍ 4 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാജ രേഖയുണ്ടാക്കി റെയില്‍വേയില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. ഇവിടെ 10 വര്‍ഷം ജോലി ചെയ്‌തെങ്കിലും ഒരു വാഹന മോഷണ കേസില്‍ കുടുങ്ങി ജോലി പോയി.

തുടര്‍ന്ന് ആര്‍.ടി.ഒ. ഓഫിസില്‍ വ്യാജരേഖ ചമച്ച് ഗുമസ്തനായി ജോലി സംഘടിപ്പിച്ചു. അതിനു ശേഷം മോഷ്ടിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജില്ലാ ജഡ്ജിയായി. ജില്ലാ ജഡ്ജിയായി ജോലി ചെയ്ത 10 മാസം കൊണ്ട് നിരവധി ക്രിമിനലുകളെ വെറുതെ വിട്ട നട്‌വര്‍ലാല്‍ ഇടക്ക് അഭിഭാഷകനായും പ്രത്യക്ഷപ്പെട്ടു.

ഒടുവില്‍ കോടതി വളപ്പില്‍ നിന്നും ഒരു കാര്‍ മോഷ്ടിക്കവെ ജഡ്ജി പിടിക്കപ്പെട്ടു. ശിക്ഷാ കാലവധി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ വ്യാജ രേഖകള്‍ സംഘടിപ്പിച്ച് ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ ക്ലര്‍ക്കായി. അതിനിടെ വ്യാജ ഡ്രൈവിങ്ങ് ലൈസന്‍സ് ഉണ്ടാക്കി വിറ്റതിന് അറസ്റ്റിലായി.

അതിനിടയില്‍ നാല് ഡിപ്ലോമകളും ഒരു നിയമ ബിരുദവും ഈ പെരുങ്കള്ളന്‍ സ്വന്തമാക്കി. പല കോടതികളിലും അഭിഭാഷകനായി ജോലി നോക്കി. ഇവിടങ്ങളിലെല്ലാം മോഷണവും നടത്തി. ഇയാള്‍ 40 വര്‍ഷത്തിനിടയില്‍ അറസ്റ്റിലായത് 95 തവണയാണ്. നാല് സംസ്ഥാനങ്ങളിലായി 125 കേസുകളുമുണ്ട് ഇപ്പോള്‍ ജയിലില്‍ വിശ്രമുക്കുന്ന ഈ വിരുതന്റെ തലയില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.