മാതാപിതാക്കള്‍ക്ക് വൈകാരികബന്ധമില്ലെന്ന പേരില്‍ നോര്‍വീജിയന്‍ അധികൃതര്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന ഇന്ത്യന്‍കുട്ടികളുടെ കാര്യത്തില്‍ സൗഹാര്‍ദപരവും അനകൂലവുമായ പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് നോര്‍വേ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്ടെന്ബെര്ഗിനോട് അഭ്യര്‍ഥിച്ചു. ദക്ഷിണകൊറിയയില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുനേതാക്കളും ഇക്കാര്യം സംസാരിച്ചത്.
നോര്‍വേയില്‍ ജോലിചെയ്യുന്ന കൊല്‍ക്കത്ത സ്വദേശികളുടെ മക്കളായ മൂന്നുവയസ്സുകാരന് അഭിഗ്യാനും ഒരുവയസ്സുകാരി ഐശ്വര്യയുമാണ് നോര്‍വേയിലെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയില്‍ കഴിയുന്നത്. മാതാപിതാക്കള്‍ വൈകാരികമായി അടുപ്പം കാണിക്കുന്നില്ലെന്നാരോപിച്ച് ശിശുക്ഷേമ സമിതി ഇരുവരെയും ബലമായി ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യന്കുടുംബങ്ങളിലെ മൂല്യങ്ങളെക്കുറിച്ച് മന്മോഹന് സിങ് സ്റ്റോള്ടെന്ബെര്ഗിനോട് സംസാരിച്ചു. നോര്‍വീജിയന്‍ അധികൃതര്‍ പിടിച്ചെടുത്ത കുട്ടികളെ സംരക്ഷിക്കാന്‍ കഴിയുന്നവരാണ് അവരുടെ അച്ഛനമ്മമാരെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ ഇനി എന്ത് നടപടി വേണമെന്ന് ജില്ലാ കോടതിയുമായി ചര്‍ച്ചചെയ്ത് പ്രാദേശിക ഭരണകൂടം തീരുമാനിക്കുമെന്ന് സ്റ്റോള്‍ടെന്‍ബെര്‍ഗ് പ്രധാനമന്ത്രിയെ അറിയിച്ചു. കുട്ടികളെ അവരുടെ അമ്മാവന് വിട്ടുകൊടുക്കാനിരുന്ന നോര്‍വെ അധികൃതര്‍ കുടുംബത്തില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല