സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ വലിയ വെല്ലുവിളി ഉയർത്തി ചൈനീസ് ഹാക്കർമാർ. ഇന്ത്യ, യുകെ, യുഎസ് ഉള്‍പ്പടെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന വന്‍ സൈബറാക്രമണം നടത്തിയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ ഏജന്‍സികളുടെ കൈവശമുള്ള 95.2 ജിബി വരുന്ന ഇമിഗ്രേഷന്‍ ഡാറ്റ ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ചോര്‍ത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള മുന്‍നിര സേവനങ്ങളിലെ സാങ്കേതിക പിഴവുകള്‍ ദുരുപയോഗം ചെയ്താണ് ഹാക്കിങ് നടന്നത്.
ചൈനയിലെ ഐസൂണ്‍ എന്ന സ്ഥാപനം ചോര്‍ത്തിയ രേഖകള്‍ ഓണ്‍ലൈന്‍ ഡെവലപ്പര്‍ പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ്ബില്‍ അജ്ഞാതന്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹാക്കിങ് വിവരം പുറത്തറിഞ്ഞത്. രേഖകളും ചാറ്റ് ലോഗുകളും അടക്കം 577 രേഖകള്‍ ഇതിലുണ്ട്. ഇന്ത്യ, യുഎസ്, യുകെ, തായ് വാന്‍, മലേഷ്യ ഉള്‍പ്പടെ 20 ഓളം രാജ്യങ്ങളെ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. യുകെയുടെ ഫോറിന് ഓഫീസിനെതിരെയാണ് ഹാക്കിങ് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് സൈന്യം, പോലീസ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങി സര്‍ക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലൊന്നാണ് ഐസൂണ്‍. ഷാങ് ഹായില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 25 ജീവനക്കാരുണ്ട്.
ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിച്ചുവാനിലെ ഐസൂണിന്റെ അനുബന്ധ സ്ഥാപനം 2016-നും 2022-നും ഇടയില്‍ ഒപ്പുവെച്ച കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഗിറ്റ്ഹബ്ബില്‍ പങ്കുവെക്കപ്പെട്ടിട്ടുണ്ട്. ചൈനീസ് പോലീസ്, രഹസ്യാന്വേഷണ സേവനങ്ങള്‍ എന്നിവരെല്ലാം ഐസൂണിന്റെ ഉപഭോക്താക്കളാണെന്ന് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
80 ഓളം ടാര്‍ഗറ്റുകളെ വിജയകരമായി ഹാക്ക് ചെയ്യാന്‍ ഐസൂണിന് സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള 95.2 ജിബി ഇമിഗ്രേഷന്‍ ഡാറ്റയും ദക്ഷിണ കൊറിയയുടെ എല്‍ജി യുപ്ലസ് ടെലികോം സേനനദാതാവില് നിന്നുള്ള 3 ടെറാബൈറ്റ് കോള്‍ ലോഗുകളും ഹാക്കര്‍മാര്‍ കൈക്കലാക്കിയ രേഖകളിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല