അമേരിക്കന്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത തെളിഞ്ഞതായി സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്ലബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മിറ്റ് റോംനി എത്തിയാല്‍ അദ്ദേഹം ബോബി ജിന്‍ഡാലിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുമെന്നാണ് അനുബന്ധ വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.
ഇന്തോ- അമേരിക്കന്‍ വംശജയായ സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലിയേയും തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റോംനി പരിഗണിക്കുന്നുണ്ട്. എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ ജിന്‍ഡാലും ഹാലിയും നിരാകരിച്ചു. പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും വിജയിച്ച മിറ്റ് റോംനി നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
അമേരിക്കയിലെ പ്രമുഖ ചാനലായ സി.ബി.എസ് ന്യൂസാണ് ജിന്‍ഡാലിനെയും ഹാലിയേയും ഉള്‍പ്പെടുത്തി 10 പേരുടെ സാധ്യതാ പട്ടിക പുറത്തുവിട്ടത്. ചാനല്‍ അഭിമുഖത്തിനിടെ, മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ കൂടിയായ ജോണ്‍ മക് കെയ്ന്‍, ജിന്‍ഡാലിനാണ് സാധ്യത കൂടുതലെന്നും അഭിപ്രായപ്പെട്ടു. മാര്‍ക്കോ റൂബിയോ, ക്രിസ് ക്രിസ്റ്റി എന്നിവരും ഈ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളവരാണെന്നും മക്കെയ്ന് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉയര്‍ന്നുവരുന്ന താരമായാണ് ബോബി ജിന്‍ഡാലിനെ കരുതുന്നത്.
ഇന്ത്യന്‍ കുടിയേറ്റ വംശജരുടെ മകനായ അദ്ദേഹം രാഷ്ട്രീയ അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയാണ് ലൂസിയാന ഗവര്‍ണറായി വിജയിച്ചത്. അധികാരത്തില്‍ എത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കാനെടുത്ത നടപടികള്‍ അദ്ദേഹത്തെ രണ്ടാംവട്ടവും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറും ആ സ്ഥാനത്തെത്തുന്ന പ്രഥമ ഇന്തോ-അമേരിക്കന്‍ വംശജയുമാണ് നിക്കി ഹാലി. മുന്‍ അലാസ്ക ഗവര്‍ണര്‍ സാറാ പെയ്ലിന്റെ അനുമോദനത്തിലൂടെയാണ് നിക്കി ഹാലി ദേശീയ ശ്രദ്ധയിലേക്കുയര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല