സ്വന്തം ലേഖകൻ: ആഗോള ക്ഷേമത്തിന് ഊർജം നൽകാൻ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഖദുഃഖങ്ങളിലെല്ലാം ഇന്ത്യയോടൊപ്പം നിന്ന സുഹൃത്താണ് റഷ്യ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഇവിടെ ഒത്തുചേർന്നവരെല്ലാം പുതിയ ഉയരങ്ങൾ നൽകുന്നുവെന്നും റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്. പരസ്പര വിശ്വാസത്തിൻ്റെയും ബഹുമാനത്തിൻ്റെയും ശക്തമായ അടിത്തറയിലാണ് ഈ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. വിദ്യാർഥികൾ യുദ്ധമേഖലയിൽ കുടുങ്ങിയപ്പോൾ സുരക്ഷിതമായി ഒഴിപ്പിക്കാൻ പുട്ടിൻ സഹായിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാകും. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച വികസനം വെറും ട്രെയിലർ മാത്രമാണെന്ന് താൻ പറഞ്ഞിരുന്നു. 60 വർഷത്തിനുശേഷം ഇന്ത്യയിൽ തുടർച്ചയായി മൂന്നാം തവണയും ഒരേ സഖ്യം സർക്കാർ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു എന്നത് വലിയ കാര്യമാണ്.
റഷ്യയിലെ ഓരോ ഇന്ത്യക്കാരനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു. “റഷ്യ” ഓരോ ഇന്ത്യക്കാരനിലും വൈകാരികമായ ഒരു അടുപ്പം സൃഷ്ടിക്കുന്നു. സിനിമയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായും രാജ് കപൂറിനേയും മിഥുൻ ചക്രവർത്തിയേയും ഓർമിച്ചുകൊണ്ട് മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല