സായിപ്പിനെക്കൊണ്ട് ജോലി ചെയ്യിക്കാനുള്ള ഇന്ത്യക്കാരന്റെ മോഹം പൂവണിയുന്നു .വന്‍ ഇന്ത്യന്‍ കമ്പികള്‍ യു.എസ് തൊഴിലാളികള്‍ക്ക് കരാര്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ സാമ്പത്തികമായി ഉയര്‍ച്ച കൈവരിക്കുന്നതിനിടയില്‍ ഇവിടെ വളര്‍ന്നു വന്ന വലിയ കോര്‍പ്പറേഷനുകളാണ് തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയ്ക്ക് ചേക്കേറുന്നത്. ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ തുറക്കുന്ന കോള്‍ സെന്ററുകളിലേക്ക് ആണ് പ്രധാനമായും ജോലിക്കാരെ നിര്‍ത്തുന്നത്. തൊഴില്‍ ചെയ്യാന്‍ തയ്യാറായെത്തുന്നവര്‍ക്ക് നല്‍കുന്നത് 12മുതല്‍ 14 ഡോളര്‍ വരെയാണ്. ദീര്‍ഘനേര ഷിഫ്റ്റില്‍ ടെലിസെയില്‍സ് ജോലി ചെയ്യുന്നവര്‍ക്ക് ഈ തുച്ഛമായ ശമ്പളം മാത്രമാണ് നല്‍കുന്നത്.
തൊഴിലാളികള്‍ തൊഴില്‍ പഠിച്ചാല്‍ അവര്‍ക്ക് ഇന്ത്യയില്‍ തങ്ങി ജോലി ചെയ്യാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നുണ്ട്. മുമ്പ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ തൊഴിലാളികളോട് സ്വീകരിച്ച അതേ രീതി ഇപ്പോള്‍ ഇന്ത്യയും പിന്‍തുടരുകയാണ്. വരും വര്‍ഷങ്ങളില്‍ ഈ രീതി കൂടുതല്‍ വ്യാപകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതല്‍ ശമ്പളവും, ജീവിതസൗകര്യങ്ങളും ആവശ്യപ്പെടുമെന്നതിനാലാണ് വിദേശജോലിക്കാരെ തേടാന്‍ കമ്പനികള്‍ നിര്‍ബന്ധിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.
വന്‍തുക സമ്പാദിക്കുന്ന ഇന്ത്യക്കാരുടെ രീതി വര്‍ധിച്ചുവരുന്നതിനാല്‍ ഇന്ത്യന്‍ സാമ്പത്തിക നില ഈ വര്‍ഷം തന്നെ ചൈനയെ മറികടക്കുമെന്നാണ് പ്രവചനം. ലോകമൊട്ടുക്കുമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള ആളുകളുടെ ജീവിതസാഹചര്യവും ശമ്പളം വര്‍ധിച്ചിട്ടുണ്ട്. പണം ചിലവാക്കാനും ഇവര്‍ മടികാണിക്കുന്നില്ല. എന്നാല്‍ ഇതിനുവിപരീതമായി യു.എസിന്റെയും പല യൂറോപ്യന്‍ രാജ്യങ്ങളുടേയും സാമ്പത്തിക നില പിന്നോട്ടുപോകുകയാണ്.
മുമ്പ് ഇന്ത്യന്‍ കമ്പനികള്‍ രാജ്യത്തെ കോള്‍സെന്ററുകള്‍ തന്നെയാണ് ഉപയോഗിച്ചത്. ഇതിനായി ധാരാളം യു.എസ് തൊഴിലാളികളെ കുറഞ്ഞ ശമ്പളം നല്‍കി ഇന്ത്യയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ വിസ ചട്ടങ്ങളും, ഇന്ത്യയിലുള്ളവരുടെ ശുഭാപ്തിവിശ്വാസവും ഇന്ത്യക്കുപുറമേ മറ്റ് രാജ്യങ്ങളും വ്യവസായം തുടങ്ങാന്‍ കമ്പനികള്‍ക്ക് പ്രേരണയായി. ഒരുപാട് തൊഴിലാളികള്‍ക്ക് ജോലിചെയ്യാന്‍ തയ്യാറായെത്തുന്ന അമേരിക്കയില്‍ കമ്പനികള്‍ തുടങ്ങാന്‍ ഇത് അവരെ പ്രേരിപ്പിച്ചു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജിസ് കമ്മ്യൂണിക്കേഷന്‍ യു.എസില്‍ ഇതിനകം തന്നെ സെന്ററുകള്‍ തുറന്നിരിക്കുകയാണ്. ഒമ്പത് സെന്ററുകളാണ് അവര്‍ക്ക് യു.എസിലുള്ളത്. ഇവിടെ 5,000 ആളുകളാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇത് 15,000 വരെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടി സി എസ് ,വിപ്രോ,ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളും ഇപ്പോള്‍ അമേരിക്കയിലേക്ക് തങ്ങളുടെ ജോലിക്ക് കരാര്‍ കൊടുക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല