![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-13-171140-640x346.png)
സ്വന്തം ലേഖകൻ: ഫ്രാൻസിലെ മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ചേർന്നാണ് കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ഉദ്ഘാടന വേളയില്‍ പ്രസിഡന്റ് മക്രോണിന്റെ സാന്നിധ്യം ഉണ്ടായതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടമാക്കി. കോണ്‍സുലേറ്റില്‍ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ഇന്ത്യന്‍ പ്രവാസി അംഗങ്ങള്‍ ഇരു നേതാക്കളെയും ഊഷ്മളമായി സ്വീകരിച്ചു.
2023 ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് മാര്‍സെയില്‍ കോണ്‍സുലേറ്റ് തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍സുലേറ്റ് ജനറലിന് ഫ്രാന്‍സിന്റെ തെക്ക് ഭാഗത്തുള്ള നാല് ഫ്രഞ്ച് ഭരണ പ്രദേശങ്ങളായ പ്രോവിന്‍സ് ആല്‍പ്സ് കോട്ട് ഡി അസുര്, കോര്‍സിക്ക, ഓക്സിറ്റാനി–അര്‍സൂവെര്‍ഗനെ എന്നിവയാണ് പുതിയ കോൺസുലേറ്റിന്റെ അധികാര പരിധിയിലുള്ളത്.
ഫ്രാന്‍സിലെ ഈ പ്രദേശം വ്യാപാരം, വ്യവസായം, ഊര്‍ജ്ജം, ആഡംബര ടൂറിസം എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രദേശങ്ങളാണിത്. ഫ്രാന്‍സിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരത്തിലെ പുതിയ കോണ്‍സുലേറ്റ് ജനറല്‍ ബഹുമുഖമായ ഇന്ത്യ–ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളിയ ഇന്ത്യയും ഫ്രാന്‍സും പാരീസ് ഉടമ്പടിയില്‍ ഉറച്ചു നില്ക്കാന് തീരുമാനിച്ചു. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് തീരുമാനം. സൈനികേതര ആണവോര്‍ജ മേഖലയില്‍ ഫ്രാന്‍സുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്മാനുവല്‍ മക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചെറിയ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതില്‍ അടക്കം സഹകരിക്കാന്‍ ധാരണയായി.
ചൊവ്വാഴ്ച ഫ്രാന്‍സില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം സഹഅധ്യക്ഷനായാണ് മോദി പങ്കെടുത്തത്. ഇതിനുശേ ഷം മാര്‍സെയിലെത്തിയ ഇരുനേതാക്കളും രാത്രി നടത്തിയ ചര്‍ച്ചയിലാണ് സൈനികേതര ആണവോര്‍ജ രംഗത്തെ ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായത്.ചെറിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. അതേസമയം ഇന്ത്യയില്‍ പുതിയ നാഷനല്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ സഹകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
ഒന്നാം ലോകമഹായുദ്ധത്തില്‍ രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ഇരു നേതാക്കളും മാര്‍സെയിലിലെ മസാര്‍ഗസ് യുദ്ധ സെമിത്തേരി സന്ദര്‍ശിച്ചു പുഷ്പചക്രം അര്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല