സ്വന്തം ലേഖകന്‍: അനുസരണശീലം കുറവായ മരുമകളെ തല്ലി ശരിയാക്കാന്‍ യുഎസിലെത്തിയ ഇന്ത്യന്‍ ദമ്പതികള്‍ ഒടുവില്‍ അഴികള്‍ക്കുള്ളിലായി. മരുമകള്‍ അനുസരണക്കേടു കാട്ടുന്നുവെന്നു മകന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു അടിയന്തരമായി വിമാനത്തില്‍ അമേരിക്കയിലെത്തി മരുമകളെ തല്ലിയ ഇന്ത്യന്‍ ദമ്പതികളാണ് അറസ്റ്റിലായത്.
ഫ്‌ളോറിഡയിലെ റിവര്‍വ്യൂവില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ ഭൂപീന്തര്‍, ജസ്ബിര്‍ കല്‍സി, ഇവരുടെ മകന്‍ ദേവ്ബിര്‍ എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഭാര്യ സില്‍ക്കി താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നു ദേവ്ബിര്‍ ഇന്ത്യയിലെ മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് മരുമകളെ മര്യാദ പഠിപ്പിക്കാന്‍ ദേവ്ബിറിന്റെ മാതാപിതാക്കള്‍ ഉടനെ യുഎസിലെത്തുകയായിരുന്നു.
വെള്ളിയാഴ്ച മൂന്നു പേരും ചേര്‍ന്ന് സില്‍ക്കിയെ കൂട്ടമായി മര്‍ദിച്ചു. ദേവ്ബിര്‍, സില്‍ക്കി ദന്പതികളുടെ ഒരു വയസുള്ള മകള്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടതോടെ സില്‍ക്കി ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ തന്നെ ഫ്‌ളോറിഡ പോലീസിനെ ബന്ധപ്പെട്ടു. ശനിയാഴ്ച പോലീസെത്തിയപ്പോള്‍ അകത്തേക്കു കടക്കാന്‍ ദേവ്ബിറും മാതാപിതാക്കളും സമ്മതിച്ചില്ല.
ഇതിനിടെ തന്നെ രക്ഷിക്കണമെന്ന് സില്‍ക്കി നിലവിളിച്ചു പറഞ്ഞത് പോലീസ് കേട്ടതോടെ ബലപ്രയോഗത്തിലൂടെ അകത്തു കടന്ന പോലീസ് സില്‍ക്കിയെ രക്ഷിക്കുകയും ദമ്പതികളേയും മകനേയും കൈയ്യോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവതി ഏറെ നാളുകളായി കൊടിയ മര്‍ദ്ദനം അനുഭവിച്ചു വരികയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അനധികൃതമായി തടവിലാക്കല്‍, ഗാര്‍ഹിക പീഡനം, വധശ്രമം, ബാലപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല