1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2012

ഓരോ രാജ്യവും മറ്റൊരു രാജ്യവുമായി സാംസ്കാരികമായും ജീവിതശൈലീപരമായും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമൊന്നും കാണില്ല. ഏഷ്യയിലെ രാജ്യങ്ങളില്‍പ്പോലും ഈ വ്യത്യാസം പ്രകടമാണ്. അപ്പോള്‍പ്പിന്നെ ഏഷ്യന്‍ രാജ്യങ്ങള്‍ മറ്റ് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളില്‍നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് പറയേണ്ടതില്ലല്ലോ? ഇന്ത്യയും ജപ്പാനും ചൈനയും ശ്രീലങ്കയുമെല്ലാം ഈ പറഞ്ഞ സംസ്കാരത്തിന്റെ കാര്യത്തിലും ജീവിതരീതികളുടെ കാര്യത്തിലുമെല്ലാം ഏറെ വ്യത്യാസങ്ങളുള്ള രാജ്യങ്ങളാണ്. ഏഷ്യയില്‍പ്പോലും ഈ വ്യത്യാസം ഇത്ര ശക്തമായി നില്‍ക്കുന്നുണ്ട്.

അപ്പോള്‍പ്പിന്നെ ഇന്ത്യ പോലുള്ള ഒരു രാജ്യവും യൂറോപ്പിലെ ഏതെങ്കിലും രാജ്യവും തമ്മില്‍ എത്രത്തോളം വ്യത്യാസം കാണും. അതിന്റെ തീവ്രത അറിയണമെങ്കില്‍ ഈ വാര്‍ത്ത വായിക്കണം. കാര്യം വളരെ നിസാരമാണ്. ഇന്ത്യന്‍ ദമ്പതികളുടെ കുഞ്ഞിനെ നോര്‍വ്വീജിയന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ എടുത്തു കൊണ്ടുപോയി. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ കുഞ്ഞിനെ രക്ഷിച്ചു. നോര്‍വ്വീജിയന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഇങ്ങനെ ചെയ്യാനുണ്ടായ കാരണം അറിയുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസിലാകുന്നത്. ഇന്ത്യന്‍ ദമ്പതികളായ അനുരൂപിന്റെയും സാഗരിക ഭട്ടാചാര്യയുടെയും കുഞ്ഞുങ്ങളെയാണ് നോര്‍വ്വീജിയന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ കൊണ്ടുപോയത്.

കുട്ടികള്‍ക്ക് കൈകൊണ്ട് ഭക്ഷണം വാരിക്കൊടുക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ്.ഇത് കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനുള്ള മാര്‍ഗവുമാണ്‌. എന്നാല്‍ ഇത് ഞെട്ടലോടെയാണ് നോര്‍വ്വീജിയന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ കണ്ടത്.സ്പൂണില്‍ കൊടുക്കാതെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്‌ കുട്ടികളെ നിര്‍ബന്ധിക്കല്‍ ആണെന്നാണ്‌ അവരുടെ ആരോപണം.കൂടാതെ കുഞ്ഞുങ്ങളെ പ്രത്യേകം മുറികളില്‍ കിടത്താതെ ദമ്പതികളുടെ കൂട്ടത്തില്‍തന്നെയാണ് കിടത്തുന്നത്. ഇതും ഇന്ത്യയിലെ കുടുംബങ്ങളില്‍ സാധാരണമാണ്. എന്നാല്‍ കാര്യങ്ങളെ നോര്‍വ്വെയിലെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ അവരുടെ ജീവിതശൈലിയുമായി തട്ടിച്ച് നോക്കിയപ്പോള്‍ വലിയ കുഴപ്പമുള്ളതായി തോന്നി. അതാണ് പ്രശ്നമായത്.

എന്തായാലും മാതാപിതാക്കളായ അനുരൂപും സാഗരിക ഭട്ടാചാര്യയും കുഞ്ഞുങ്ങളെ നോക്കുന്നത് ശരിയല്ലെന്ന് തോന്നിയ നോര്‍വ്വീജിയന്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ കുഞ്ഞുങ്ങളെ എട്ട് മാസം മുമ്പ് എടുത്തുകൊണ്ടുപോയി . ഇപ്പോള്‍ കുട്ടികള്‍ ഇരുവരും ഫോസ്റ്റര്‍ കെയറില്‍ ആണ്. ഇപ്പോള്‍ ഭാരത സര്‍ക്കാരിന്റെ പ്രതിനിധികള്‍ നോര്‍വ്വീജിയന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ എത്രയും വേഗം തിരിച്ചുകിട്ടണമെന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളും മാതാപിതാക്കളും ഒരു ബെഡ്ഡില്‍ കിടക്കുന്നത് ഒരു പ്രശ്നമായി തോന്നുന്നത് സാംസ്കാരികമായ വ്യത്യാസം കൊണ്ടാണെന്ന് കുട്ടികളുടെ അച്ഛന്‍ അനുരൂപ് പറഞ്ഞിരുന്നതാണ്. എന്നാല്‍ അതൊന്നും അവര്‍ ചെവിക്കൊണ്ടില്ല എന്നാണ് അനുരൂപ് ഇന്ത്യന്‍ ടെവിലിഷനായ എന്‍ഡിടിവിയോട് വ്യക്തമാക്കിയത്.കൈകൊണ്ട് ഭക്ഷണം കൊടുക്കുന്ന കാര്യത്തിലും സംസ്കാരങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണെന്നും അനുരൂപ് വ്യക്തമാക്കി.

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നോര്‍വ്വീജിയന്‍ ഗവണ്‍മെന്റ് പാസ്സാക്കിയിരിക്കുന്ന കടുത്ത നിയമങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അനുരൂപും സാഗരികയും പറയുന്നത്. നോര്‍വ്വെയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമം വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ ഇരുവരുടെയും അപേക്ഷകള്‍ സര്‍ക്കാരോ സോഷ്യല്‍ വര്‍ക്കര്‍മാര്‍ ചെവിക്കൊണ്ടില്ല.ഫോസ്റ്റര്‍ കെയറിലുള്ള കുട്ടികളെ പതിനെട്ടു വയസാകുന്നത് വരെ മാതാപിതാക്കള്‍ക്ക് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു മണിക്കൂര്‍ വീതം കാണാമെന്ന സൗകര്യം നോര്‍വെ സര്‍ക്കാര്‍ ചെയ്തു കൊടുത്തിട്ടുണ്ട്‌. ..ഈ തീരുമാനത്തെ തുടര്‍ന്നാണ് ഇരുവരും ഭാരത സര്‍ക്കാരിനെ സമീപിച്ചതും നയതന്ത്രതലത്തില്‍ കാര്യങ്ങള്‍ തീര്‍ക്കാമെന്ന് തീരുമാനിച്ചതും.എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ പ്രയോജനം ചെയ്യുമെന്ന സൂചനകള്‍ ഇതുവരെയില്ല.

എന്തായാലും ഇപ്പോള്‍ ഇവര്‍ക്ക് സംഭവിച്ചത് പ്രവാസി ഭാരതീയര്‍ക്കുള്ള ഒരു സൂചനയാണ്. കാര്യങ്ങളെ കുറച്ചുകൂടി ഗൗരവത്തോടെ വേണം കാണാനെന്ന സൂചനയാണ് ഓരോ കുടിയേറ്റക്കാരനും ഇത് നല്‍കുന്നത്. നമ്മള്‍ ജീവിക്കുന്ന നാട്ടിലെ നിയമങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാതെ ഒരിക്കലും നിങ്ങള്‍ എന്തെങ്കിലും ചെയ്യരുത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.