സ്വന്തം ലേഖകന്‍: ആറുമാസം പ്രായമായ കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ല; യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടുവും ഭാര്യ മാലാ പനീര്‍സെല്‍വവുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ വ്യാഴാഴ്ച 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി അധികൃതര്‍ കുറച്ചു നല്‍കുകയായിരുന്നു. സംഭവത്തില്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടതായാണ് സൂചന.
ഇരുവരുടെയും ആറു മാസം പ്രായമുള്ള മകള്‍ ഹിമിഷയ്ക്കു ഡോക്ടര്‍മാര്‍ നിശ്ചയിച്ച വൈദ്യപരിശോധന നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. കുട്ടിയുടെ കൈ നീരുവന്നു വീര്‍ത്തതിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി ദമ്പതികള്‍ എത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെ ചികിത്സാ ചിലവ് താങ്ങാനാതെ വന്നപ്പോള്‍ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ ആദ്യ ആശുപത്രിയിലെ അധികൃതര്‍ ശിശുസംരക്ഷണ കേന്ദ്രത്തെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്താന്‍ വിസമ്മതിക്കുകയും കുഞ്ഞിനെ ഡോക്ടറുടെ അനുമതിയില്ലാതെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് ഇവരുടെ മേലുള്ള കുറ്റം. കുഞ്ഞിനോടുള്ള ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്തി എന്നാണ് അധികൃതരുടെ വാദം. കേസിനെ തുടര്‍ന്ന് കുട്ടിയുടെയും ഇരട്ട സഹോദരന്റെയും സംരക്ഷണം ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വീസസ് ഏറ്റെടുത്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല