സ്വന്തം ലേഖകൻ: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ 17 ഇന്ത്യക്കാരെ അധികൃതർ ഉടൻ നേരിട്ടു കാണാം. ഇതിന് അനുമതി നൽകിയതായി ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ അറിയിച്ചു. കപ്പലിലെ ഇന്ത്യക്കാരിൽ 4 പേർ മലയാളികളാണ്. എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്ര സർക്കാരും കപ്പൽ അധികൃതരും അറിയിച്ചു.
സെക്കൻഡ് ഓഫിസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), സെക്കൻഡ് എൻജിനീയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), തേഡ് എൻജിനീയറായ പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31), ട്രെയ്നിയായ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) എന്നിവരാണ് എംഎസ്‌സി ഏരീസ് കപ്പലിലെ മലയാളികൾ. ഇവരിൽ സുമേഷും ആനും ശ്യാംനാഥും ആശങ്ക വേണ്ടെന്ന് അറിയിച്ച് വീട്ടുകാരെ വിളിച്ചിരുന്നു.
ആക്രമണം മുന്നറിയിപ്പോടെയെന്ന് ഇറാൻ; കരുതലോടെ ഇസ്രയേൽ
ഇന്ത്യക്കാരെ ഉടൻ വിട്ടയയ്ക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ ചർച്ചയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആവശ്യപ്പെട്ടു. ഇസ്രയേൽ മന്ത്രിയുമായും അദ്ദേഹം സംസാരിച്ചു. ആക്രമണത്തിൽനിന്നു രണ്ടു രാജ്യങ്ങളും പിന്മാറണമെന്നും നയതന്ത്രത്തിന്റെ പാതയിലേക്കു മടങ്ങിവരണമെന്നും ജയശങ്കർ പറഞ്ഞു. ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നാണ് ഇറാൻ കമാൻഡോകൾ കപ്പൽ പിടിച്ചെടുത്തത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ കമ്പനിക്കു ബന്ധമുള്ള കപ്പലാണ്.
അതേസമയം, ഇസ്രയേലിനെ ആക്രമിച്ചതു യുഎസിനെ അറിയിച്ച ശേഷമാണെന്ന് ഇറാൻ വ്യക്തമാക്കി. തിരിച്ചടിക്കരുതെന്ന യുഎസിന്റെയും മറ്റു പാശ്ചാത്യരാജ്യങ്ങളുടെയും അഭ്യർഥനയോടു സംയമനത്തോടെ ഇസ്രയേൽ പ്രതികരിച്ചത് മധ്യപൂർവ ദേശത്ത് യുദ്ധവ്യാപന ഭീതി കുറച്ചു. ഈ മാസം ഒന്നിനു ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിനു തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തിയത്. കടുത്ത നാശം ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമെങ്കിലും ഇസ്രയേൽ തിരിച്ചടിച്ചാൽ ഒപ്പം കൂടില്ലെന്നു യുഎസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല