സ്വന്തം ലേഖകൻ: 2007 സെപ്റ്റംബര്‍ 24-ാം തീയതിയിലെ ജോഹാനസ്ബര്‍ഗിലെ വാന്‍ഡറേഴ്‌സ് സ്‌റ്റേഡിയം. ഷോര്‍ട്ട് ഫൈന്‍ലെഗ് ഭാഗത്തേക്ക് പാകിസ്താന്‍ താരം മിസ്ബാഹ് ഉള്‍ ഹഖിന്റെ ബാറ്റില്‍ തട്ടിയ പന്ത് ഉയര്‍ന്നുപൊങ്ങുന്നു. ആ പന്ത് സുരക്ഷിതമായി ഒരു 24-കാരന്റെ കൈകളില്‍ ഒതുങ്ങുന്നു. എം.എസ് ധോനിയുടെ കീഴില്‍ ഇന്ത്യന്‍ സംഘം പ്രഥമ ടി20 ലോകകപ്പ് കിരീടമുയര്‍ത്തുമ്പോള്‍ അതില്‍ നിര്‍ണായക സ്‌പെല്ലുകളെറിഞ്ഞും, ഹൃദയമിടിപ്പേറുന്ന ഘട്ടത്തില്‍ വിജയത്തില്‍ നിര്‍ണായകമായ ക്യാച്ച് സ്വന്തമാക്കിയും ഭാഗവാക്കായത് എസ്. ശ്രീശാന്ത് എന്ന കോതമംഗലംകാരനായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ചലഞ്ചര്‍ ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനങ്ങളോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കാലെടുത്തുവെച്ചയാള്‍. 2007-ലെ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ ശ്രീ നടത്തിയ ബൗളിങ് പ്രകടനം ആര്‍ക്കാണ് മറക്കാനാകുക. ആ നാലോവര്‍ സ്‌പെല്ലില്‍ ഒരു മെയ്ഡനടക്കം വീഴ്ത്തിയ രണ്ട് വിക്കറ്റുകള്‍. അതും ആദം ഗില്‍ക്രിസ്റ്റിനെയും മാത്യു ഹെയ്ഡനെയും. നിലയുറപ്പിച്ചിരുന്ന ഹെയ്ഡനെ വീഴ്ത്തിയ പന്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. അതിനും മുമ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരേയും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി വിജയത്തില്‍ പങ്കാളിയായി.
നാലു വര്‍ഷങ്ങള്‍ക്കപ്പുറം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഏകദിന ലോകകപ്പ് ഉയര്‍ത്തുമ്പോഴും ഭാഗ്യത്തിന്റെ വെളിച്ചവുമായി ശ്രീശാന്തുണ്ടായിരുന്നു. അന്ന് ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ തല്ലുവാങ്ങിയ ശ്രീശാന്ത് പിന്നീട് കളിക്കുന്നത് ലോകകപ്പ് ഫൈനലിലായിരുന്നു. എന്നാല്‍ ഫൈനലിലും താരം നിരാശപ്പെടുത്തി.
ഇപ്പോഴിതാ 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യ മറ്റൊരു ടി20 ലോകകപ്പില്‍ മുത്തമിടുമ്പോള്‍ അവിടെയും മലയാളി സാന്നിധ്യമുണ്ട്. തിരുവനന്തപുരം പുല്ലുവിള സ്വദേശി സഞ്ജു സാംസണ്‍. 2023-ല്‍ ഇന്ത്യ ആതിഥ്യം വഹിച്ച ഏകദിന ലോകകപ്പില്‍ സഞ്ജു ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ നിരവധിയാണ്. പക്ഷേ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു ഇല്ല. പിന്നീടുള്ള പ്രതീക്ഷ 2024-ലെ ടി20 ലോകകപ്പായിരുന്നു.
മാസങ്ങള്‍ക്ക് ശേഷം നടന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്തുകളിച്ച സഞ്ജു ലോകകപ്പ് ടീമിലെ സ്ഥാനം പിടിച്ചുവാങ്ങുകയായിരുന്നു. പക്ഷേ ടൂര്‍ണമെന്റിന്റെ ഭാഗമായി ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ പിന്നീട് ലോകകപ്പിലെ ആദ്യ ഇലവനില്‍ താരത്തിന് അവസരം ലഭിച്ചില്ല. സന്നാഹ മത്സരത്തില്‍ തിളങ്ങിയ ഋഷഭ് പന്ത് ടൂര്‍ണമെന്റില്‍ ബാറ്റുകൊണ്ടും വിക്കറ്റിനു പിന്നിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍ രോഹിത്തിനൊപ്പം കിരീടമുയര്‍ത്താനുള്ള ഭാഗ്യം സഞ്ജുവിന് കൈവന്നു.
1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി വിശ്വവിജയികളാകുമ്പോഴും ടീമില്‍ ഒരു മലയാളിയുണ്ടായിരുന്നു. അന്ന് ഗ്രൂപ്പ് ഘട്ടംപോലും കടക്കില്ലെന്നുറപ്പിച്ചിരുന്ന ടീം വെസ്റ്റിന്‍ഡീസ് കരുത്തിനെ രണ്ടു തവണ കീഴടക്കിയാണ് കിരീടവുമായി മടങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ വിന്‍ഡീസിനെതിരേ നേടിയ ജയം വെറും ഫ്‌ളൂക്കായിരുന്നില്ലെന്ന് കലാശപ്പോരില്‍ ഇന്ത്യ തെളിയിച്ചു.
അന്ന് കിരീടമുയര്‍ത്തിയ കപിലിന്റെ ചെകുത്താന്‍ പടയില്‍ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത് സുനില്‍ വാല്‍സനായിരുന്നു. അച്ഛന്‍ കണ്ണൂര്‍ സ്വദേശിയും അമ്മ തലശ്ശേരി സ്വദേശിയുമായി സുനില്‍ വാല്‍സന്‍ പക്ഷേ ജനിച്ചത് സെക്കന്തരാബാദിലാണ്. ഇപ്പോള്‍ ഡെറാഡൂണില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു.
അക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു വാല്‍സന്‍. എന്നാല്‍ സഞ്ജുവിനെ പോലെ തന്നെ 1983 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇടംകൈയന്‍ പേസറായ അദ്ദേഹം ഡല്‍ഹി, തമിഴ്‌നാട്, റെയില്‍വേസ് ടീമുകള്‍ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളത്തിലിറങ്ങി. വേഗംകൊണ്ട് ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്നയാളായിരുന്നു അക്കാലത്ത് വാല്‍സന്‍. ആ വിലാസമാണ് ലോകകപ്പ് ടീമിലേക്കും വഴിതുറന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല