സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിക്കളത്തില്‍; കളിയെ രാഷ്ട്രീയവല്‍ക്കരിച്ച ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് പാകിസ്ഥാന്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പാകിസ്ഥാന്. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐ.സി.സി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം.
ഐ.സി.സി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ പ്രശ്നം പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഉയര്‍ത്തികൊണ്ട് വരുമെന്നും പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞു. സംഭവത്തില്‍ ഐ.സി.സി.ക്ക് പരാതി നല്കാന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിനോട് വിദേശകാര്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ്. ജവാന്മാരോടുള്ള ആദരസൂചകമായാണ് ഓസ്ട്രേലിയക്കെതിരേ റാഞ്ചിയില്‍ നടന്ന ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി ധരിച്ച് കളിച്ചത്. ഇതേ ആവശ്യവുമായി പാക് വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും രംഗത്തെത്തി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പാക് മന്ത്രിയുടെ പ്രതികരണം. ഇത് ക്രിക്കറ്റല്ലെന്നും മാന്യന്മാരുടെ കളിയായ ക്രിക്കറ്റിനെ ഇന്ത്യന്‍ കളിക്കാര്‍ രാഷ്ട്രീയവത്കരിച്ചുവെന്നും ചൗധരി ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ താരങ്ങള്‍ പട്ടാളത്തൊപ്പി ധരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കശ്മീമിരിലെ അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് പാകിസ്താന് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നും ചൗധരി വ്യക്തമാക്കി. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ‘ പിങ്ക് ടെസ്റ്റ് ‘ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ’ പിങ്ക് ഏകദിനം ‘ എന്ന പോലെ ഓരോ വര്‍ഷവും ഹോം സീസണിലെ ഒരു മത്സരത്തില്‍ ഇത് ആവര്‍ത്തിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല