
സ്വന്തം ലേഖകൻ: കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന വെബ്‌സൈറ്റ് നടത്തിപ്പിന്റെ പേരില്‍ ലണ്ടനില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ സൈക്യാട്രിസ്റ്റിന് യുകെ കോടതി ആറ് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ ല്യൂഷാമില്‍ നിന്നുള്ള കബീര്‍ ഗാര്‍ഗ് (33) ആണ് കേസിൽ കുടുങ്ങിയത്. ലോകമെമ്പാടും 90,000 അംഗങ്ങളുള്ള ‘ദി അനെക്‌സ്’ എന്ന വെബ്‌സൈറ്റ് നടത്തിപ്പുകാരില്‍ ഒരാള്‍ ഡോ. കബീർ ഗാര്‍ഗാണെന്ന് യുകെയുടെ നാഷണല്‍ ക്രൈം ഏജന്‍സി കണ്ടെത്തുകയായിരുന്നു.
ലണ്ടൻ വൂള്‍വിച്ച് ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചതോടെ ഗാര്‍ഗിനെ ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഉൾപ്പെടുത്തി. ജനുവരിയില്‍ കോടതിയിൽ നടന്ന വിചാരണയിൽ കുറ്റസമ്മതം നടത്തിയിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വഴിയൊരുക്കിയതും കുട്ടികളെ കൊണ്ട് മോശം ചിത്രങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്തതും ഇവ കൈവശം സൂക്ഷിച്ചതും ഉൾപ്പടെയുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ.
കബീര്‍ ഗാര്‍ഗ് വന്‍തോതില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതില്‍ പങ്കാളിയായെന്ന് നാഷണൽ ക്രൈം ഏജൻസി ഉദ്യോഗസ്ഥൻ ആഡം പ്രീസ്റ്റ്‌ലി പറഞ്ഞു. ഡാര്‍ക്ക് വെബ് ഉപയോഗിച്ച് കുട്ടികളെ പീഡിപ്പിക്കുന്ന ആഗോള സമൂഹത്തിന് ഇതിലേക്ക് പ്രവേശനം നല്‍കി. കുട്ടികള്‍ക്ക് എതിരെ ഭയപ്പെടുത്തുന്ന കുറ്റകൃത്യങ്ങളാണ് ഇവയെന്നും ആഡം പ്രീസ്റ്റ്‌ലി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നവംബറിലാണ് ല്യൂഷാമിലെ ഫ്‌ളാറ്റില്‍ നിന്നും കബീർ ഗാര്‍ഗിനെ നാഷനൽ ക്രൈം ഏജൻസി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുമ്പോള്‍ ഗാര്‍ഗിന്റെ ലാപ്‌ടോപ്പില്‍ വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത നിലയിലായിരുന്നു. വെബ്സൈറ്റിൽ പ്രാഥമിക ഘട്ടത്തില്‍ അംഗം മാത്രമായിരുന്ന കബീർ ഗാര്‍ഗ് പിന്നീട് മോഡറേറ്ററായി മാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല