സ്വന്തം ലേഖകന്‍: ‘പണം നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടക്കി അയക്കും,’ യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ ഫോണ്‍ തട്ടിപ്പ്; കരുതിയിരിക്കാന്‍ മുന്നറിയിപ്പ്. യുഎസിലെ ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പറിന്റെ ‘വ്യാജ പതിപ്പുണ്ടാക്കി’ പണം തട്ടിയതായാണ് പരാതി. എംബസി നമ്പറുകളുടെ ‘സ്പൂഫിങ്’ നടത്തിയാണു സൈബര്‍ തട്ടിപ്പുകാര്‍ യുഎസിലെ ഇന്ത്യക്കാരെ കബളിപ്പിച്ചത്. അനധികൃത സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ ഫോണ്‍ നമ്പറിന്റെയും ഐപി അഡ്രസുകളുടെയും വ്യാജ പതിപ്പുകളുണ്ടാക്കിയെടുക്കുന്ന രീതിയാണ് സ്പൂഫിങ്.
പാസ്പോര്‍ട്ടിലും വീസ–ഇമിഗ്രേഷന്‍ അപേക്ഷകളിലും തെറ്റുണ്ടെന്നും അതു തിരുത്താന്‍ പണം ആവശ്യമുണ്ടെന്നും പറഞ്ഞുള്ള ഫോണ്‍വിളികളാണു തട്ടിപ്പിന്റെ പൊതുരീതി. പണം നല്‍കിയില്ലെങ്കില്‍ ഇന്ത്യയിലേക്കു തിരികെ അയയ്ക്കുമെന്നും അല്ലെങ്കില്‍ യുഎസില്‍ തടവിലാക്കപ്പെടുമെന്നുമാണു ഭീഷണി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയും. വെസ്റ്റേണ്‍ യൂണിയന് വഴിയും ഇന്റര്‍നെറ്റ് ബാങ്കിങ്ങിലൂടെയും ചില അക്കൗണ്ടുകളിലേക്ക് ഇത്തരത്തില്‍ പണം അയച്ചത് കണ്ടുപിടിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടക്കുകയാണെന്നും എംബസി വ്യക്തമാക്കി.
ഫോണ്‍വിളികളില്‍ സംശയം തോന്നിയ ചിലര്‍ എംബസിയില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ നിന്നാണെന്നു പറഞ്ഞാണു ചില ഫോണ്‍വിളികള്‍. ഇന്ത്യയില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് വിളിക്കുന്നതാണെന്നും പറഞ്ഞവരുണ്ട്. എന്നാല്‍ ചിലതാകട്ടെ എംബസിയിലെ ഔദ്യോഗിക നമ്പറുകളില്‍ നിന്നാണ്. ഇതാണ് ‘നമ്പര്‍ സ്പൂഫിങ്’ ആണു സംഭവത്തിനു പിന്നിലെന്ന സൂചന നല്‍കിയത്.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ യുഎസിലെ എംബസിയുമായി ബന്ധപ്പെട്ട് ഇത്തരം തട്ടിപ്പുകള്‍ നേരത്തേ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എംബസി സംഭവത്തെ ഗൗരവത്തോടെയാണു കാണുന്നതെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു. യുഎസ് ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എംബസിയുടെ പേരിലെന്നു പറഞ്ഞു വരുന്ന ഫോണ്‍ വിളികള്‍ സ്വീകരിക്കുമ്പോള്‍ മുന്‍കരുതലെടുക്കണമെന്നും ആര്‍ക്കും പണം നല്‍കരുതെന്നും ഔദ്യോഗികമായി പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല