സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വിദൂര മേഖലകളിലെ പ്രദേശങ്ങളിൽ മുടങ്ങിയിരിക്കുന്ന ഇന്ത്യൻ എംബസി- കോൺസുലാർ സേവനങ്ങൾ ഈ മാസത്തോടെ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. അജാസ് സുഹൈൽ ഖാൻ അറിയിച്ചു. ദമാമിൽ ദാർ അസ്സിഹ മെഡിക്കൽ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ചില പരിമിതികൾ മൂലമാണ് സേവനങ്ങൾ മുടങ്ങുന്നതിന് ഇടയാക്കിയതെന്നും സൗദിയുടെ വിവിധ മേഖലകളിലെ ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ നൽകാൻ സ്ഥാനപതി കാര്യാലയം എപ്പോഴും മുൻഗണന നൽകുന്നു. കോൺസുലാർ സേവന പര്യടനങ്ങൾ നടത്തുന്നത് കൂടാതെ തൊഴിൽസേവന സഹായ സംഘത്തെയും വിദൂര- ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്ക് സേവന സഹായങ്ങൾ ലഭ്യമാക്കാനായി അയക്കുന്നത് തുടരും.
ദമാമിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കുന്നതിനോടനുബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഏറെ താമസിയാതെ ഇത് സംബന്ധിച്ചുള്ള സന്തോഷവിവരം മാധ്യമങ്ങളോട് വെളിപ്പെടുത്താനാവും. ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറെ ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനായുള്ള പരിശ്രമം തുടരുകയാണ്.
സൗദിയിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ഉപരിപഠനം സംബന്ധിച്ചുള്ള പരിമിതികൾ പരിഹരിക്കാനുള്ള നല്ല അവസരമാണ് നിലവിൽ സംജാതമായിരിക്കുന്നത്. ഉന്നത, ഉപരിപഠനത്തിനായുള്ള വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്ത് അനുമതി നൽകി സൗദി ഭരണകൂടം കവാടങ്ങൾ തുറന്നിരിക്കുന്ന സാഹചര്യമാണുള്ളത്.
മാധ്യമങ്ങൾ അനുകൂലമായ ഈ സാഹചര്യത്തെക്കുറിച്ച് മതിയായ ബോധവൽക്കരണം നടത്തി ഇന്ത്യൻ സർവകലാശാലകളെ സൗദിയിൽ എത്തിക്കാനാകുന്ന പക്ഷം യൂണിവേഴ്സിറ്റികൾക്കാവശ്യമായ എല്ലാ പിന്തുണയും നൽകാൻ സ്ഥാനപതി കാര്യാലയം കാത്തിരിക്കുകയാണ്. അത്തരത്തിൽ സൗദിയിൽ തന്നെ ഇന്ത്യൻ വിദ്യാർഥികൾക്കു പുറമേ വിദേശ പഠിതാക്കൾക്കും ഉന്നത നിലവാരമുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനുള്ള അവസരമായി അത് മാറുമെന്നും ഡോ. ആജാസ് സുഹൈൽ ഖാൻ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല