1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2024

സ്വന്തം ലേഖകൻ: പാക് ചാരസംഘടനയായ ഐ.എസ്.ഐ. ഇന്ത്യന്‍ എംബസി ജീവനക്കാരനെ കെണിയിലാക്കിയത് ഹണിട്രാപ്പിലൂടെ. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ സതേന്ദ്ര സിവാല്‍ ആണ് ഐ.എസ്.ഐ. ഒരുക്കിയ ഹണിട്രാപ്പ് കെണിയില്‍വീണത്. സാമൂഹികമാധ്യമത്തിലൂടെ യുവതിയുമായി സൗഹൃദത്തിലായ ഇയാള്‍, പല രഹസ്യരേഖകളും പങ്കുവെച്ചതായാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡി(എ.ടി.എസ്)ന്റെ കണ്ടെത്തല്‍.

പത്തുദിവസം മുമ്പാണ് ഉത്തര്‍പ്രദേശ് ഹാപുര്‍ സ്വദേശിയായ സതേന്ദ്ര സിവാലിനെ എ.ടി.എസ്. അറസ്റ്റ് ചെയ്തത്. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്ക് ചോര്‍ത്തിനല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എ.ടി.എസ്. ഇയാളെ പിടികൂടിയത്.

കഴിഞ്ഞവര്‍ഷമാണ് സാമൂഹികമാധ്യമത്തില്‍ ‘പൂജ മെഹ്‌റ’ എന്ന പേരിലുള്ള യുവതിയുമായി സതേന്ദ്ര സിവാല്‍ സൗഹൃദത്തിലായത്. എന്നാല്‍, പാക് ചാരസംഘടനയായ ഐ.എസ്.ഐ.യായിരുന്നു ‘പൂജ മെഹ്‌റ’യുടെ അക്കൗണ്ട് നിയന്ത്രിച്ചിരുന്നത്. തുടര്‍ന്ന് സതേന്ദ്ര സിവാലിനെ ഹണിട്രാപ്പില്‍ കുരുക്കുകയും ഇയാള്‍ ഒട്ടേറെ രഹസ്യരേഖകള്‍ യുവതിയുമായി പങ്കുവെയ്ക്കുകയുമായിരുന്നു.

വ്യോമസേനയുടെ ആയുധസംവിധാനങ്ങളെ സംബന്ധിച്ചുള്ള രഹസ്യരേഖകളും നാവികസേനയുടെ യുദ്ധവിമാനങ്ങള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയ സംബന്ധിച്ചുള്ള രേഖകളും ഇയാള്‍ പങ്കുവെച്ചതായാണ് എ.ടി.എസ്. ഉദ്യോഗസ്ഥര്‍ പറയുന്നത്. ലഖ്‌നൗവിലെ എ.ടി.എസ്. പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.

അതേസമയം, കുറ്റംസമ്മതിച്ച പ്രതി, ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ തൃപ്തികരമായ മറുപടിയൊന്നും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയുമായി പങ്കുവെച്ച രേഖകള്‍ തന്റെ മൊബൈല്‍ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇയാളുടെ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ സെക്യൂരിറ്റി അസിസ്റ്റന്റായാണ് സതേന്ദ്ര സിവാല്‍ ജോലിചെയ്തിരുന്നത്. ചാരവൃത്തിക്ക് ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയവും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ച് അറിഞ്ഞതായും അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അതേസമയം, സിവാല്‍ പിടിയിലായതിന് പിന്നാലെ ഇയാളുടെ കുടുംബം ഹാപുരില്‍നിന്ന് താമസം മാറ്റി. ഹാപുരിലെ വീട് ഉപേക്ഷിച്ച കുടുംബം നിലവില്‍ മറ്റൊരിടത്താണ് താമസിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.