ജോബി ആന്റണി
വിയന്ന: ഓസ്ട്രിയയില്‍ ജീവിക്കുന്ന ഇന്ത്യകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്നിന്റെ സ്പന്ദനങ്ങള്‍ വിരല്‍ തുമ്പില്‍ ഓരോ നിമിഷവും ലഭ്യമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഫേസ്ബുക്കിലേയ്ക്ക്. ഭാരതിയരെയും ഭാരതവുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇനി വിവരങ്ങളും വിശേഷങ്ങളും അറിയാന്‍ എംബസിയുടെ പുതിയ പേജ് ലൈക് ചെയ്‌താല്‍ മതി.
ഓസ്ട്രിയയില്‍ നിവസിക്കുന്ന ഭാരതിയരുടെയും ഭാരതത്തിന്റെ സുഹൃത്തുക്കളുടെയും ഇടയില്‍ ഫേസ്ബുക്കിനുള്ള ജനപ്രീതി കണക്കിലെടുത്താണ് ഇന്ത്യന്‍ എംബസിയും സോഷ്യല്‍ മീഡിയയുടെ സഹായം തേടിയത്. ഓസ്ട്രിയയില്‍ പുതുതായി നിയമിതനായ ഇന്ത്യന്‍ സ്ഥാനപതി ആര്‍ സ്വാമിനാഥനാണ് കൂടതല്‍ ജനകീയമായ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്താന്‍ എംബസിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഫേസ്ബുക്ക് വഴി ഓസ്ട്രിയയില്‍ വിവിധ സ്ഥലങ്ങളില്‍ നിവസിക്കുന്ന പ്രവാസി ഭാരതിയര്‍ക്കും ഇന്ത്യയുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്കും എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വളരെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ഓരോ പ്രവാസി ഭാരതിയനും പുതിയ പേജില്‍ ചേരാനും മറ്റുള്ളവരെ അതിലേയ്ക്ക് ക്ഷണിക്കാനും എംബസിയുടെ ആഹ്വാനം ഉണ്ട്. ഭാരത സര്‍ക്കാര്‍ ഫേസ്ബുക്ക് വളരെ ഫലപ്രദമായി ഉപയോഗിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. 2011 -ലെ സെന്‍സസ് സംബന്ധിച്ച ചില ചര്‍ച്ചകളും കേന്ദ്ര ആസുത്രണ കമ്മിഷന്റെ അടുത്ത അഞ്ചു വര്‍ഷത്തെ രാജ്യത്തിന്റെ ചിലവുകളും അതില്‍ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം അഞ്ചുകോടിലധികമായി. 2010ല്‍ ഫേസ്ബുക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ 80 ലക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളാണുണ്ടായിരുന്നത്.
മൊബൈല്‍ ഫോണ്‍ വഴിയുള്ള ഫേസ്ബുക്ക് ഉപഭോഗം കൂടിയതാണ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ഫേസ്ബുക്ക് ഇന്ത്യ ഡയറക്ടര്‍ കൃതിക റെഡ്ഡി പറഞ്ഞു. ഫേസ്ബുക്കിന്റെ ഔദ്യോഗിക സൈറ്റില്‍ ലഭ്യമായ വിവരങ്ങളനുസരിച്ച് 2012 മാര്‍ച്ച് അവസാനം വരെ 901 മില്യണ്‍ സ്ഥിരം ഉപയോക്താക്കളാണുള്ളത്. 70 ലധികം ഭാഷകളില്‍ ഫേസ്ബുക്ക് ലഭ്യമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല