സ്വന്തം ലേഖകന്‍: അമേരിക്കയിലെ കന്‍സാസ് വെടിവെപ്പില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപെട്ട സംഭവം, നീണ്ട മൗനത്തിനു ശേഷം പ്രതികരണവുമായി വൈറ്റ് ഹൗസ്. ഇന്ത്യന്‍ എഞ്ചിനീയറായ ശ്രീനിവാസ് കുചിഭോട്‌ലയുടെ മരണത്തില്‍ ആദ്യമായി പ്രതികരിച്ച വൈറ്റ് ഹൗസ് വംശീയ കുറ്റകൃത്യവുമായി ബന്ധപെട്ട് കേള്‍ക്കുന്ന വാര്‍ത്തകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ട്രംപിന്റെ പ്രസ് സെക്രട്ടറി സീന്‍ സ്‌പെന്‍സറാണ് സംഭവത്തിനെതിരെ പ്രതികരിച്ചത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി എസ് ജയ്ശങ്കര്‍ എച്ച് 1ബി വിസയുമായി ബന്ധപെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അമേരിക്കയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വൈറ്റ് ഹൗസിന്റെ പ്രതികരണം. അമേരിക്കയില്‍ ജാതിയും മതവും വംശീയതയും പറഞ്ഞുള്ള അതിക്രമങ്ങള്‍ക്ക് സ്ഥലമില്ലെന്നും ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സ്‌പെന്‍സര്‍ വ്യക്തമാക്കി. രാഷ്ട്രത്തിന്റെ മതേതര സ്വഭാവവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ പ്രസിഡന്റ് പ്രതിജ്ഞാബന്ധനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എന്‍ജിനിയറുടെ കൊലപാതകത്തില്‍ ട്രംപ് പ്രതികരിക്കാത്തത് വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. വംശീയ കൊലപാതകത്തില്‍ ട്രംപ് നിലപാട് വ്യക്തമാക്കണമെന്ന് ഹിലരി ക്ലിന്റണ്‍ ട്വിറ്ററിലൂടെ ആവശ്യപെട്ടിരുന്നു. വംശീയാധിക്ഷേപങ്ങള്‍ക്ക് അമേരിക്ക എങ്ങിനെ കൂച്ചുവിലങ്ങിടുമെന്ന് കൊല്ലപെട്ട് ശ്രീനിവാസ് കുചിഭോട്‌ലയുടെ `ഭാര്യ സുനയന ദുമാലയും ചോദിച്ചിരുന്നു.
ഗാര്‍മിന്‍ ഇലക്ട്രോണിക് കമ്പനിയിലെ ഏവിയേഷന്‍ പ്രോഗ്രാം മാനേജരായ ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുചിഭോട്‌ലയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെച്ച മുന്‍ യുഎസ് നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിട്ടുണ്ട്. ‘എന്റെ രാജ്യം വിട്ടുപോകൂ’ എന്ന് ആക്രോശിച്ചാണ് അക്രമി വെടിയുതിര്‍ത്തത്. ശ്രീനിവാസിന്റെ സഹപ്രവര്‍ത്തകന്‍ അലോകിനും ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ യുവാവ് ഇയാന്‍ ഗ്രിലോട്ടിനും വെടിവെപ്പില്‍ പരുക്കേറ്റിരുന്നു. കാന്‍സാസിലെ ഒലാത്തില്‍ ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവെച്ചുകൊന്ന മുന്‍ സൈനികന്‍ ആദം പ്യൂരിന്റണിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജോണ്‍സണ്‍ കൗണ്ടി ജില്ല കോടതിക്കുമുമ്പാകെ വിഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ഹാജരാക്കിയത്. കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തും. ജോണ്‍സണ്‍ കൗണ്ടി ജില്ല കോടതി അഭിഭാഷകന്‍ സ്റ്റീവ് ഹോവെയുടെ അഭിപ്രായത്തില്‍ പ്രതിക്ക് 50 വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടേക്കാം. വംശീയ അധിക്ഷേപം കൂടി കേസില്‍ തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് വധശിക്ഷ വരെ കിട്ടിയേക്കാമെന്നാണ് സൂചന. നേരത്തെ ശ്രീനിവാസിന് ആദരസൂചകമായി ഹൂസ്റ്റണില്‍ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചുകൂടി പ്രകടനം നടത്തിയിരുന്നു. സമാധാനവും ഐക്യവും ഉയര്‍ത്തിപ്പിടിക്കണമെന്ന പ്‌ളകാര്‍ഡുമായാണ് ആളുകള്‍ തെരുവിലിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല