സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയത് താലിബാന്‍; മോചനത്തിനായി ഗോത്രവര്‍ഗ നേതാക്കളുടെ സഹായത്തോടെ തീവ്രശ്രമം തുടരുന്നു. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍ അപകടമൊന്നുമില്ലാതെ കഴിയുന്നതായാണു പ്രാഥമിക വിവരമെന്നു പൊലീസ് അറിയിച്ചു.
വൈദ്യുതി സബ്‌സ്റ്റേഷന്‍ പണിയിലായിരുന്ന കെഇസി ഇന്റര്‍നാഷനല്‍, ആര്‍പിജി ഗ്രൂപ്പ് എന്നീ കമ്പനികളിലെ എന്‍ജിനീയര്‍മാരെയാണു തോക്കുധാരികള്‍ കഴിഞ്ഞദിവസം വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്. അഫ്ഗാനിസ്താനിലെ ബാഘ്‌ലാന്‍ പ്രവിശ്യയിലായിരുന്നു സംഭവം. സബ് സ്‌റ്റേഷന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പോകുന്നതിനിടെ ചെഷ്മ ഇ ഷെര്‍ പ്രദേശത്തുനിന്നാണ് എന്‍ജിനിയര്‍മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
ഏഴ് എന്‍ജിനിയര്‍മാരെയും അവര്‍ സഞ്ചരിച്ച വാഹനത്തിലെ അഫ്ഗാന്‍ പൗരനായ ഡ്രൈവറെയുമാണ് കാണാതായിട്ടുള്ളതെന്ന് പോലീസ് വക്താവ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനും മോചിപ്പിക്കുന്നതിനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷാ സൈന്യവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഗോത്രവര്‍ഗ നേതാക്കളും ചേര്‍ന്നാണ് ഇന്ത്യന്‍ എന്‍ജിനിയര്‍മാരെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല