സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരായ ഏഴ് എന്‍ജിനീയര്‍മാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. അഫ്ഗാനിലെ വൈദ്യുതി വിതരണ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യന്‍ കമ്പനിയായ കെഇസിയിലെ ജീവനക്കാരാണിവര്‍. ജോലിസ്ഥലത്തേക്കു ബസില്‍ പോകുമ്പോഴാണു സായുധസംഘം എത്തിയത്.
അഫ്ഗാന്‍കാരനായ ബസ് ഡ്രൈവറെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോചനത്തിന് ഇന്ത്യ ശ്രമം ആരംഭിച്ചു. താലിബാന്‍ ഭീകരരാണോ അതോ പണം മോഹിച്ച് വിദേശികളെ തട്ടിയെടുക്കുന്ന മറ്റേതെങ്കിലും സംഘങ്ങളാണോ പിന്നിലെന്നു വ്യക്തമല്ല. ഇതുവരെ ആരും ഉത്തരവാദിത്തമേറ്റിട്ടില്ല.
ബഗ്‌ലാന്‍ പ്രവിശ്യാ തലസ്ഥാനമായ പുലെഖോംറെയിലെ വൈദ്യുതനിലയത്തിലേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് അഫ്ഗാനില്‍ വര്‍ധിച്ചിട്ടുണ്ട്. 2016ല്‍ ഇന്ത്യന്‍ ദുരിതാശ്വാസപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയിട്ടു 40 ദിവസം കഴിഞ്ഞാണു വിട്ടയച്ചത്. അഫ്ഗാനിസ്ഥാനില്‍ വന്‍കിട പദ്ധതികളില്‍ വിവിധ സ്ഥലങ്ങളില്‍ എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ധരുമായി 150ലേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല