സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ യുഎഇയിൽ എത്തുന്ന തൊഴിൽ അന്വേഷകരുടെ എണ്ണം 30 മുതൽ 40% വരെ കുറഞ്ഞു. യുഎഇയിൽ നിലവിലുള്ള സന്ദർശക വീസ നിയമം എയർലൈനുകൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെയാണ് ജോലി അന്വേഷിച്ച് എത്തുന്നവർ കുറഞ്ഞത്. യുഎഇയിൽ ചൂട് കൂടുകയും വേനൽ അവധി ആരംഭിച്ചതും ഇതിനു ആക്കം കൂട്ടി. അവധിക്കാലത്ത് റിക്രൂട്ടിങ് പൊതുവെ മന്ദഗതിയിലാണ്.
സന്ദർശക വീസക്കാർക്ക് യുഎഇയിലെ താമസത്തിന് ഹോട്ടൽ ബുക്കിങ് രേഖ, ചെലവിനായി 5000 ദിർഹം (1.3 ലക്ഷം രൂപ), മടക്കയാത്രാ ടിക്കറ്റ് എന്നിവ ഉണ്ടെങ്കിൽ മാത്രമേ യാത്രാനുമതി നൽകാവൂ എന്നാണ് നിലവിലെ നിയമം. എന്നാൽ 2 മാസം മുൻപു വരെ ഇത് കർശനമാക്കിയിരുന്നില്ല.
ദിവസേന വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് ആളുകൾ ജോലി അന്വേഷിച്ച് സന്ദർശക വീസയിൽ യുഎഇയിൽ എത്തുക പതിവായിരുന്നു. ഇതിൽ ഏതാനും പേർക്കു മാത്രമേ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി ലഭിക്കാറുള്ളൂ. തിരിച്ചുപോകാതിരിക്കാൻ കിട്ടിയ ജോലിക്ക് കയറുന്നവരാണ് ഭൂരിഭാഗവും. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഒരു ജോലിയും കിട്ടാത്തവരുടെ എണ്ണവും വർധിച്ചു.
നിസ്സാര ലാഭം നോക്കി മടക്കയാത്രാ ടിക്കറ്റിനു പകരം ഡമ്മി ടിക്കറ്റുമായാണ് ഭൂരിഭാഗം പേരും വീസിറ്റ് വീസയിൽ വരുന്നത്. നാട്ടിൽനിന്ന് വിമാനം കയറുന്നതോടെ ഡമ്മി ടിക്കറ്റ് സ്വമേധയാ റദ്ദാകും. വീസ കാലാവധി തീരുന്നതിന് മുൻപ് ജോലി ശരിയാക്കി തൊഴിൽ വീസയിലേക്കു മാറാനാകുമെന്ന ധാരണയിലാണ് പലരും ഈ സാഹസത്തിനു മുതിരുന്നത്. വീസ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചവർ ഓഫർ ലെറ്ററുമായി നാട്ടിലേക്കു മടങ്ങുകയോ അല്ലെങ്കിൽ അയൽ രാജ്യങ്ങളിൽ പോയി പുതിയ വീസയിൽ തിരിച്ചെത്തുകയോ ചെയ്യും.
വീസ കാലാവധിക്കകം സന്ദർശകൻ തിരിച്ചുപോകുകയോ സന്ദർശക വീസ പുതുക്കുകയോ ചെയ്യണമെന്നാണ് നിയമം. എന്നാൽ ഇതിനു പണം മുടക്കാനില്ലാത്ത പലരും നിയമലംഘകരായി തുടരും. പലയിടങ്ങളിലും അലഞ്ഞ് ഒടുവിൽ സഹായം തേടി അതത് എംബസിയിലോ കോൺസുലേറ്റിലോ എത്തുക പതിവാണ്. ഇത്തരക്കാരുടെ എണ്ണം കൂടിയതോടെ വീസ എടുത്ത കമ്പനികൾക്കും യുഎഇയിൽ എത്തിച്ച എയർലൈനുകൾക്കും നയതന്ത്ര കാര്യാലയങ്ങൾ കർശന നിർദേശം നൽകിയതും നിയന്ത്രണം കടുപ്പിക്കാൻ കാരണമായി.
കാലാവധിക്കുശേഷം സന്ദർശകൻ മടങ്ങിയെന്ന് ഉറപ്പുവരുത്തേണ്ടത് വീസ സ്പോൺസർ ചെയ്ത കമ്പനികളുടെ ഉത്തരവാദിത്തമാണ്. വീസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യുഎഇയിൽ തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കും. പണം ഇല്ലാത്ത സന്ദർശകനുവേണ്ടി കമ്പനി അടയ്ക്കണം. ഒരു ടൂറിസം കമ്പനി സ്പോൺസർ ചെയ്തവരിൽ പലരും അനധികൃതമായി ഇവിടെ തുടർന്നാൽ കമ്പനിയുടെ എമിഗ്രേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കും. ആളൊന്നിന് 3000–4000 ദിർഹം വീതം അബ്സ്കോണ്ടിങ് പിഴയും ഈടാക്കും. ഇങ്ങനെ ചെയ്താൽ മാത്രമേ പുതിയ വീസ എടുക്കാനാകൂ.
യുഎഇ നിയമപ്രകാരം മടക്കയാത്ര ടിക്കറ്റും 5000 ദിർഹവും ഹോട്ടൽ ബുക്കിങ്ങും ഇല്ലാതെ എത്തുന്ന യാത്രക്കാരന് എമിഗ്രേഷൻ അധികൃതർ പ്രവേശനാനുമതി നിഷേധിച്ചാൽ പ്രസ്തുത എയർലൈന് 5000 ദിർഹം ഡീപ്പോർട്ടേഷൻ ചാർജ് ഈടാക്കും. രേഖ ശരിയായി പരിശോധിക്കാതെ കൊണ്ടുവന്നതിനാണ് പിഴ ചുമത്തുക. വീസ നൽകിയ ടൂറിസം കമ്പനിയിൽനിന്നും നിശ്ചിത തുക ഈടാക്കും. ഇത്തരം നഷ്ടക്കണക്ക് ഉയർന്നതോടെയാണ് നിയമം കർശനമായി നടപ്പാക്കിത്തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല