സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയില്‍ 13 വര്‍ഷം ഡോക്ടറായി വിലസിയ ഇന്ത്യക്കാരനായ വ്യാജനു വേണ്ടി തിരച്ചില്‍. ഡോക്ടറായി ആള്‍മാറാട്ടം നടത്തി രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരന് ശ്യാം ആചാര്യക്കെതിരെയാണ് കേസെടുത്തത്. സാരംഗ് ചിതാലെ എന്ന പേരില്‍ ന്യൂസൗത്ത് വെയ്ല്‍സ് മെഡിക്കല്‍ ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തായിരുന്നു 2003 മുതല്‍ വിവിധ ആശുപത്രികളില്‍ ശ്യാം ആചാര്യയുടെ ‘പ്രാക്ടീസ്’.
ഭരണ സംവിധാനത്തിലെ വന്പിഴവാണിതെന്ന് എമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡട്ടന് മാധ്യമങ്ങളോട് പറഞ്ഞു. വ്യാജഡോക്ടര്‍ ദേശീയ സുരക്ഷക്ക് ഭീഷണിയായി മാറിയിരുന്നെങ്കില്‍ കാര്യങ്ങള്‍ വന്‍ നാണക്കേടാകുമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2003 മുതല്‍ 2014 വരെ സര്‍ക്കാര്‍ ജൂനിയര്‍ ഡോക്ടറായിരുന്നു ശ്യാം ആചാര്യ. കഴിഞ്ഞ നവംബറിലാണ് തട്ടിപ്പ് പുറത്തുവന്നത്.
2002 ല്‍ വിനോദസഞ്ചാര വിസയിലെത്തിയ ശ്യാം ആചാര്യ ഡോക്ടറായി പുതിയ ജീവിതം തുടങ്ങുകയായിരുന്നു. ന്യൂ സൗത്ത് വെയില്‍സിലെ (എന്‍.എസ്.ഡബ്ല്യു.) മെഡിക്കല്‍ ബോര്‍ഡില്‍ 2003 ല്‍ പേര് രജിസ്റ്റര്‍ ചെയ്ത ശ്യാം പിന്നീട് ഡോക്ടര്‍ വേഷത്തില്‍ തകര്‍ത്തഭിനയിച്ചു. മെഡിസിനിലും സര്‍ജറിയിലും ബാച്ലര് ഡിഗ്രിയുണ്ടെന്നു കാണിച്ചായിരുന്നു തട്ടിപ്പ്. ഇതിനിടെ ഇയാള്‍ ഓസ്ട്രേലിയന്‍ പൗരത്വമടക്കം സമ്പാദിക്കുകയും ചെയ്തു.
റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സില്‍ അംഗത്വമുണ്ടെന്നു കാട്ടിയാണ് എന്‍.എസ്.ഡബ്ല്യുവിന്റെ പൊതുജനാരോഗ്യ വിഭാഗത്തില്‍ ജോലി സമ്പാദിച്ചത്. 2003 മുതല്‍ ഒരു വര്‍ഷം എന്‍.എസ്.ഡബ്ല്യുവിനു കീഴില്‍ ജൂനിയര്‍ ഡോക്ടറായി. നാല് ആശുപത്രികളില്‍ ജോലി ചെയ്തു. അത്യാഹിത വിഭാഗത്തിലടക്കം പ്രവര്‍ത്തിക്കുകയും ചെയ്തു. 2013 ല്‍ ഓസ്ട്ര സെനേഖ എന്ന രാജ്യാന്തര മരുന്നു കമ്പനിയില്‍ ജോലിക്കു കയറിയ ശ്യാം ആചാര്യ കഴിഞ്ഞവര്‍ഷം നോവാടെക് മെഡിക്കല്‍ ഗവേഷണ സംഘത്തില്‍ ചേര്‍ന്നു.
മെഡിക്കല്‍ ബിരുദമില്ലാത്ത ശ്യാം ആചാര്യ ഇന്ത്യയില്‍വെച്ച് മറ്റൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ മോഷ്ടിച്ച് ആസ്ട്രേലിയയില്‍ ജോലി നേടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറില്‍ ഓസ്ട്രേലിയന്‍ ഹെല്‍ത്ത് റെഗുലേഷന് ഏജന്‍സി നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. ഇതോടെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിനും ഇമിഗ്രേഷന്‍ അതിര്‍ത്തി സംരക്ഷണ വിഭാഗങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിനും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ കേസ് പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല