ഒളിമ്പിക്സ് വില്ലേജില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ന്നു. ടീമിന്റെ ഡെപ്യൂട്ടി ചെഫ് ഡെ മിഷന് ബ്രിഗേഡിയര്‍ പി.കെ. മുരളീധരന് രാജയാണ് വില്ലേജില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇന്ത്യന്‍ ടീമിന്റെ സംഘത്തലവനായ അജിത്പാല്സിങ്ങായിരുന്നു പതാക ഉയര്‍ത്തേണ്ടത്. എന്നാല്‍ അദ്ദേഹത്തിന് എത്തിച്ചേരാന്‍ കഴിയാതിരുന്നതോടെയാണ് പി.കെ. മുരളീധരന് രാജക്ക് പതാക ഉയര്‍ത്താനുള്ള നിയോഗമുണ്ടായത്. ഗെയിംസ് വില്ലേജ് മേയര്‍ ചാള്‍സ് അലന് രാജയെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക്സ് സംഘത്തിന് ഔദ്യോഗിക വരവേല്‍പ്പും നല്കി.
ഹോക്കിതാരങ്ങള്‍, ടെന്നീസ് താരങ്ങളായ മഹേഷ് ഭൂപതി, രോഹന് ബൊപ്പണ്ണ, ലോക ഒന്നാം നമ്പര്‍താരം ദീപിക കുമാരി ഉള്‍പ്പെട്ട അമ്പെയ്ത്ത് താരങ്ങള്‍, ബോക്സിംഗ് താരങ്ങള്‍, ഷൂട്ടിംഗ് താരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 35 അത്ലറ്റുകളും പ്രതിനിധികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര പരിശീലനത്തിനായി ജര്‍മ്മനിയിലേക്ക് പോയതിനാലും, ബോക്സിങ്ങിലെ വനിതാ ലോക ചാമ്പ്യന്‍ മേരികോം ലണ്ടനിലെത്താത്തതിനാലും ചടങ്ങില്‍ പങ്കെടുക്കാനായില്ല.
ഇന്ത്യന്‍ സംഘത്തിലെ കൂടുതല്‍ പേര് ഒളിമ്പിക് ഗ്രാമത്തിലെത്തുന്നതുവരെ പതാകയുയര്‍ത്തല്‍ നീട്ടിവെക്കണമെന്ന് നേരത്തെ ഇന്ത്യന്‍ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും സംഘാടകര്‍ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെതന്നെ ഔദ്യോഗിക സ്വീകരണം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല