ലണ്ടന്‍ : ഒളിമ്പിക് മാര്‍ച്ച്പാസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കെടുത്ത മധുര നാഗേന്ദ്ര താന്‍ മൂലം ഉണ്ടായ വിവാദങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും മാപ്പ് ചോദിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സുരക്ഷ ലംഘിച്ചതല്ലന്നും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ തനിക്ക് സംഭവിച്ച ഒരു പാളിച്ചയായിരുന്നു സംഭവങ്ങള്‍ക്ക് കാരണമെന്ന് മധുര വ്യക്തമാക്കി. താന്‍ കാരണം ടീമിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും മധുര വ്യക്തമാക്കി. ഒളിമ്പിക്‌സ് കാസ്റ്റിങ്ങ് കമ്മിറ്റിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു താനെന്നും കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കിയതാണ് മാര്‍ച്ച് പാസ്റ്റ് നടത്തുന്ന സംഘത്തോടൊപ്പം കടന്നുകൂടാന്‍ കാരണമായതെന്നും മധുര പറഞ്ഞു. താനൊരു നുഴഞ്ഞുകയറ്റക്കാരിയല്ല. ടീമിന്റെ സുരക്ഷയ്ക്ക് വിഘാതമാകുമെന്ന് കരുതി ചെയ്തതല്ലെന്നും മധുര വ്യക്തമാക്കി. താന്‍ ചെയ്തത് തെറ്റാണന്ന് മനസ്സിലാകുന്നുണ്ടെന്നും സ്വന്തം രാജ്യത്തെ ജനങ്ങളുടെ വികാരത്തെ ഹനിച്ചതില്‍ തന്നോട് ദേഷ്യം വച്ചു പുലര്‍ത്തരുതെന്നും മധുര അപേക്ഷിച്ചു.
ബംഗളൂരു സ്വദേശിയായ മധുര നാഗേന്ദ്ര ലണ്ടനില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ്. ഒളിമ്പിക്‌സ് മാര്‍ച്ച്പാസ്റ്റില്‍ ചുവന്ന ഷര്‍ട്ടും നീല പാന്റ്‌സും ധരിച്ച് പങ്കെടുത്ത മധുര കനത്ത വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. വനിതാ താരങ്ങളെല്ലാം മഞ്ഞസാരിയും കടുംനീല കോട്ടും ധരിച്ചെത്തിയപ്പോള്‍ അതില്‍ നിന്ന വിഭിന്നമായി വസ്ത്രം ധരിച്ച മധുരയെയാണ് മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധിച്ചത്. ടീമിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പുറത്തുനിന്നൊരാള്‍ മാര്‍ച്ച്പാസ്റ്റ് നടത്തുന്ന സംഘത്തിനൊപ്പം കടന്നുകയറിയത് സംഘാടക സമിതിയുടെ വീഴ്ചയാണന്ന് കാട്ടി ഇന്ത്യന്‍ ടീം പിന്നീട് ഒളിമ്പിക്‌സ് സംഘാടക സമിതിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ടീമിനൊപ്പം കടന്നുകയറിയ പെണ്‍കുട്ടി ആവേശത്തിളപ്പില്‍ ചെയ്തതാകാനാണ് സാധ്യതയെന്നും ചിത്രങ്ങള്‍ അതാണ് വ്യക്തമാക്കുന്നതെന്നുമായിരുന്നു സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല