സ്വന്തം ലേഖകന്‍: 17 കാരിയായ ഇന്ത്യന്‍ ഗവേഷകക്ക് യുഎസില്‍ 1.63 കോടിയുടെ ശാസ്ത്ര പുരസ്‌കാരം. ന്യൂജേഴ്‌സി സ്വദേശിയായ ഇന്ദ്രാണി ദാസാണ് യുഎസിലെ ഏറ്റവും പഴക്കമുള്ളതും പ്രമുഖവുമായ ശാസ്ത്ര പുരസ്‌ക്കാരം റീജനറോണ്‍ സയന്‍സ് ടാലന്റ് സേര്‍ച് അവാര്‍ഡ് സ്വന്തമാക്കിയത്. തലച്ചോറിലെ ക്ഷതം, ന്യൂറോ ഡിജനറേറ്റിവ് തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന മരണത്തെ ചെറുക്കുന്നതു സംബന്ധിച്ച ഗവേഷണത്തിനാണു ഇന്ദ്രാണിക്ക് പുരസ്‌കാരം ലഭിച്ചത്.
ഇന്ദ്രാണിക്കു പുറമേ ഇന്ത്യന്‍ വംശജരായ നാലു വിദ്യാര്‍ഥികള്‍ കൂടി ആദ്യ പത്തില്‍ ഇടം പിടിച്ചു. ഇന്ത്യന്‍ വംശജനായ അര്‍ജുന്‍ രാമണി മൂന്നാം സ്ഥാനത്തിന് അര്‍ഹനായി. 98 ലക്ഷം രൂപയാണ് അര്‍ജുന്‍ രാമണിക്കു സമ്മാനമായി ലഭിക്കുക. നെറ്റ്‌വര്‍ക്ക് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഗണിതശാസ്ത്രത്തിലെ രേഖാചിത്ര രീതിയും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങും സംയോജിപ്പിച്ച കണ്ടുപിടിത്തത്തിനാണ് അര്‍ജുന് അവാര്‍ഡ് ലഭിച്ചത്.
പുരസ്‌കാരത്തിന്റെ അവസാന പത്തു പേരുടെ പട്ടികയില്‍ ഇന്ദ്രാണിയടക്കം അഞ്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളുണ്ടായിരുന്നു. 90,000 ഡോളര്‍ സമ്മാനത്തുക ലഭിച്ച അര്‍ച്ചന വര്‍മ, 70,000 ഡോളര്‍ ലഭിച്ച വിര്‍ജീനയില്‍ നിന്നുള്ള പ്രതിക് നായിഡു, 50,000 ഡോളര്‍ ലഭിച്ച ഫ്‌ലോറിഡയില്‍നിന്നുള്ള വൃന്ദ മദന്‍ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ മറ്റ് ഇന്ത്യക്കാര്‍. റീജനറേഷന്‍ സയന്‍സ് ടാലെന്റാണ് മത്സരം നടത്തിയത്.
ശാസ്ത്ര വിഷയങ്ങളിലും ഗണിതത്തിലുമുള്ള വിദ്യാര്‍ഥികളുടെ കഴിവ് കൂടി പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ആദ്യ 40 സ്ഥാനങ്ങളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കായി 1.8 മില്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനങ്ങളാണ് നല്‍കുന്നത്. വിജയികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായി റീജനറോണ്‍ ചീഫ് സയന്റിഫിക് ഓഫിസറും പ്രസിഡന്റുമായ ജോര്‍ജ് ഡി. യാന്‍കൊപൊളസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല