1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2011

ഇക്കൊല്ലം ഇന്ത്യ ജപ്പാനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകും. ഇപ്പോള്‍ നാലാം സ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ക്രയശേഷിതുല്യത അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലിലാണ് ഇന്ത്യ ഇപ്രകാരം ഉയര്‍ന്ന സ്ഥാനത്താകുന്നത്. രാജ്യത്തെ വാര്‍ഷിക സമ്പത്തി(ജിഡിപി)നെ സാധാരണ വിനിമയനിരക്കുവച്ച് കണക്കാക്കുന്നതില്‍നിന്നു തുലോം ഭിന്നമാണിത്. വിനിമയനിരക്കനുസരിച്ച് 50 രൂപയ്ക്കടുത്താണ് ഒരു ഡോളറിനുള്ളത്. ഇതു ധനകാര്യവിപണികള്‍ നിശ്ചയിക്കുന്നതാണ്.

ക്രയശേഷി തുല്യതയില്‍ നിത്യോപയോഗസാധനങ്ങളുടെ വിലയാണ് താരതമ്യപ്പെടുത്തുന്നത്. ഒരു ചായയ്ക്ക് എത്രരൂപ, അതേ ചായയ്ക്ക് എത്ര ഡോളര്‍ എന്ന രീതിയില്‍ താരതമ്യപ്പെടുത്തും. ഈരീതിയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് യഥാര്‍ഥ തുല്യതയുടെ പകുതിയോളമേ വരൂ. അതായത് 25 രൂപയ്ക്ക് ഒരു ഡോളര്‍ കിട്ടേണ്ടതാണ്.ഈ ക്രയശേഷി തുല്യതവച്ചു നോക്കുമ്പോള്‍ 2010-ലെ ഇന്ത്യയുടെ ജിഡിപി 4.06 ലക്ഷംകോടി ഡോളര്‍വരും. ഔദ്യോഗിക വിനിമയനിരക്കില്‍ 1.3 ലക്ഷം കോടി ഡോളര്‍ മാത്രം. അക്കൊല്ലം ജപ്പാന്റെ ജിഡിപി 4.31 ലക്ഷംകോടി ഡോളറാണ്. ഇക്കൊല്ലം ഭൂകമ്പവും സുനാമിയുംമൂലം ജപ്പാന്റെ ജിഡിപി ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) കണക്കാക്കുന്നത്. അതേസമയം ഇന്ത്യ ഏഴുശതമാനത്തിലധികം വളരുമെന്ന് ഉറപ്പാണ്.

ഏഴുശതമാനം വളര്‍ന്നാല്‍ ഇന്ത്യയുടെ ജിഡിപി 4.3 ലക്ഷം കോടി ഡോളറിലധികമാകും. ജപ്പാന്‍ ചുരുങ്ങുമ്പോള്‍ ജിഡിപി 4.3 ലക്ഷത്തില്‍ താഴെയുമാകും. അങ്ങനെയാണ് ഇന്ത്യ മൂന്നാംസ്ഥാനത്തേക്കു കയറുക. ഒന്നാമതുള്ള അമേരിക്കയുടെ ജിഡിപി 14.66 ലക്ഷം കോടി ഡോളറും ചൈനയുടേത് 10.09 ലക്ഷംകോടി ഡോളറുമായിരുന്നു 2010-ല്‍. അഞ്ചാമതുള്ള ജര്‍മനിയുടേത് മൂന്നുലക്ഷം കോടി ഡോളറും.ഭൂകമ്പവും സുനാമിയും വന്നിരുന്നില്ലെങ്കില്‍ ഇന്ത്യ 2013-ലേ ജപ്പാനെ പിന്തള്ളുമായിരുന്നുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.