ഡോക്ടറുടെ അശ്രദ്ധ രണ്ടു രോഗികളുടെ മരണത്തിനു കാരണമായെന്നു പരാതി. ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യുന്നതിനിടെ അലക്ഷ്യമായി മരുന്നു കുറിച്ചതാണ് പ്രശ്നമായത്. അള്‍സര്‍ രോഗികള്‍ക്ക് ആവശ്യമായതിന്റെ പത്തു മടങ്ങ് അധികം മോര്‍ഫിനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എഴുപത്തെട്ടും എണ്‍പത്താറും വയസുള്ള രോഗികള്‍ മരിക്കുകയും ചെയ്തു.
ഇന്ത്യന്‍ വംശജനായ ജിപി രാജേന്ദ്ര കൊക്കര്‍ണി എന്ന മുപ്പത്തേഴുകാരനായ ജിപിക്കെതിരേയാണ് ആരോപണം. ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചിട്ടുണ്ട്. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍. 2008ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങള്‍. കൂടെയുണ്ടായിരുന്ന നഴ്സിന്റെ വെളിപ്പെടുത്തലുകളാണ് കൊക്കര്‍ണിയെ കോടതി കയറ്റിയത്. ലീഡ്സ് ക്രൌണ്‍ കോടതിയിലാണ് കേസ്.
അല്‍ഷിമേഴ്സും,ഡിമെന്‍ഷ്യയും ബാധിച്ചിരുന്ന രോഗികളാണ് മരിച്ചത്. മരുന്ന് മാറുക മാത്രമല്ല ഹൈഡോസ് നല്‍കിയിരുന്നു എന്നതിന്റെ തെളിവുകള്‍ മരിച്ചവരുടെ ബന്ധുക്കള്‍ മുഖേന പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഡ്യൂസ്ബറി വിക്ടോറിയ മെഡിക്കല്‍ ക്ളിനിക്കിലെ ജിപിയായിരുന്ന ഇദ്ദേഹം നോട്ടിംഗ്ഹാംഷെയറില്‍ ആയിരുന്നു താമസം.
രോഗികളെ കാണുന്നതിനിടെ ഡോക്ടര്‍ ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യുന്നതു പതിവായിരുന്നുവെന്നു കംപ്യൂട്ടര്‍ റെക്കോഡുകളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. ക്രിക്കറ്റ് സ്കോറുകള്‍ നോക്കുകയും ഇമെയില്‍ പരിശോധിക്കുകയും ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുകയും മറ്റുമാണത്രെ രോഗികളെ നോക്കുന്നതിനിടെ ഡോക്ടര്‍ ചെയ്തിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല