മക്കളെയും പേരക്കുട്ടികളെയും സന്ദര്‍ശിക്കാന്‍ അമേരിക്കയിലെത്തിയ ഇന്ത്യന്‍ വൃദ്ധനെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിച്ച കേസില്‍ അലബാമ പൊലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി. ഫെഡറല്‍ ഗ്രാന്‍ഡ് ജൂറിയാണ് എറിക് പാര്‍ക്കര്‍ക്കെതിരെ കുറ്റം ചുമത്തിയത്. പൊലീസുകാരന്റെ അതിക്രമത്തിന് ഇരയായ സുരേഷ് ഭായി പട്ടേല്‍ എന്ന 57കാരന്‍ ഇപ്പോള്‍ തളര്‍ന്ന് കിടക്കുകയാണ്. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി ആറിനായിരുന്നു അമേരിക്കയിലെ ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിച്ച സംഭവം നടന്നത്.
ക്രിമില്‍ കുറ്റങ്ങളിന്മേല്‍ വിചാരണ നടക്കുന്നതിനാല്‍ പാര്‍ക്കര്‍ ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ലീവിലാണ്. പാര്‍ക്കറെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ മാഡിസണ്‍ പൊലീസ് ചീഫ് ലാറി മോണ്‍സെ നിര്‍ദ്ദേശിച്ചിരുന്നു.
ഹര്‍ദിമാന്‍ പ്ലെയ്‌സ് ലെയ്‌നില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരാള്‍ നടക്കുന്നു എന്ന അയല്‍വാസികള്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പൊലീസുകാര്‍ അവിടെ എത്തിയത്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാന്‍മേലാത്ത സുരേഷ് ഭായി പട്ടേല്‍ ഇന്ത്യ ഇന്ത്യ എന്ന് പറയുന്നുണ്ടെങ്കിലും പൊലീസുകാര്‍ക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു. തന്റെ വീട് അവിടെയാണെന്ന് ഇയാള്‍ കൈചൂണ്ടി കാണിക്കുന്നുമുണ്ടായിരുന്നു. പുറകോട്ടു നടന്ന് വീട് അവിടെയാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ എന്നില്‍ നിന്ന് രക്ഷപ്പെട്ട് പോകാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ് പൊലീസുകാരന്‍ വൃദ്ധന് മേല്‍ ചാടി വീഴുകയായിരുന്നു. പൊലീസുകാരന്റെ പിടുത്തതിന്റെ ആഘാതത്തില്‍ നിലത്തുവീണ സുരേഷ്ഭായി പട്ടേലിന് നട്ടെലിന് ക്ഷതമേറ്റു. ഈ സംഭവം അമേരിക്കയിലും ഇന്ത്യയിലും വലിയ ചര്‍ച്ചകള്‍ക്കും നയതന്ത്ര ഇടപെടലുകള്‍ക്കും വഴിവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല