സ്വന്തം ലേഖകൻ: ഇന്ത്യന്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് പ്രമുഖ ഓണ്‍ലൈന്‍ സുരക്ഷാ കമ്പനിയായ മാക്കഫിയുടെ പുതിയ റിപ്പോർട്ട് പുറത്തിറങ്ങിയത്. അതില്‍ പറഞ്ഞിരിക്കുന്നത്, ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെ നടക്കുന്ന സൈബര്‍ബുള്ളിയിങ് ആഗോള ശരാശരിക്കും മുകളിലാണ് എന്നാണ്.
രാജ്യത്തിന്റെ സൈബര്‍സുരക്ഷാ നെറ്റ്‌വര്‍ക്ക് എന്തുകൊണ്ട് ശക്തിപ്പെടുത്തണം എന്നതിനെ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട്. ‘മാതാപിതാക്കളുടെയും ടീനേജര്‍മാരുടെയും 9-12 വയസ്സുവരെ പ്രായമുള്ളവരുടെയും, സ്‌ക്രീനുകള്‍ക്കു പിന്നിലെ ജീവിതം’ എന്ന പേരിലാണ് റിപ്പോര്‍ട്ട്. കമ്പനി ആഗോള തലത്തില്‍ കുടംബങ്ങള്‍ക്കിടയില്‍ ഇത്തരത്തിൽ നടത്തിയ ആദ്യ പഠനമാണിത്.
മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ 10-14 പ്രായപരിധിയിലുള്ള കുട്ടികള്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നു എന്ന് പഠനം പറയുന്നു. (കൂടുതല്‍ സൂക്ഷ്മായ പഠനം നടത്തിയാല്‍, വളരെ ചെറുപ്പത്തിൽത്തന്നെ ഇന്ത്യന്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണും മറ്റും വിശ്വസിച്ചു നല്‍കുന്നതും കാണാം). ഇതിന്, കുട്ടികള്‍ വളരെ വേഗം ‘മൊബൈല്‍ പക്വത’ നേടുന്നു എന്ന ഗുണമുണ്ടായിരിക്കെത്തന്നെ, കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന ദോഷവുമുണ്ട്.
ഇന്ത്യയില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സൈബര്‍ ആക്രമണങ്ങളെക്കുറിച്ച വലിയ ധാരണ ഇല്ലാത്തതു തന്നെയാണ് കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ സൈബര്‍ ലോകത്ത് എത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തില്‍ 57 ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ സൈബര്‍ ആക്രമണത്തിന് ഇരയായേക്കാമെന്നു ഭയക്കുന്നു.
ഇന്ത്യയില്‍ ഇത് 47 ശതമാനമാണ് എന്നു പഠനം പറയുന്നു. ആഗോള ശരാശരി വച്ച് ഏകദേശം 17 ശതമാനം കുട്ടികളാണ് സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നത്. ഇന്ത്യയില്‍ 22 ശതമാനം കുട്ടികള്‍ അതിനിരയാകുന്നു. ഇന്ത്യയില്‍ 10-14 പ്രായ ഗ്രൂപ്പിലുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളിൽ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല