സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് ഇന്ത്യക്കാരനു നേരെ യുഎസില്‍ ആക്രമണം, വംശീയ വിദ്വേഷത്തിന്റെ ഭാഗമെന്ന് ഇന്ത്യന്‍ സംഘടനകള്‍. അമേരിക്കയിലെ ഒമഹ നഗരത്തില്‍ ഒരു ഭക്ഷണശാലയില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന സുധാകര്‍ സുബ്ബറാവു (30) എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ മാസം അജ്ഞാതനായ ഒരാള്‍ പല തവണ സുധാകറിന്റെ മുഖത്തിടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നു.
‘ദ ഒമഹ വേള്‍ഡ് ഹെറാള്‍ഡ്’ ആണ് പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കറുത്ത തലമറയുള്ള വസ്ത്രം ധരിച്ചെത്തിയ ആള്‍ സുധാകറിനെ തടഞ്ഞുനിര്‍ത്തി മുഖത്തും നെറ്റിയിലും പല തവണ ഇടിക്കുകയും കാലില്‍ തൊഴിക്കുകയും ചെയ്തു. സുധാകറിനെ ഇയാള്‍ അസഭ്യവും പറഞ്ഞു. ‘ഐ.എസ്.ഐ.എസ്, എന്റെ രാജ്യത്തുനിന്നു പുറത്തുപോകൂ’ എന്ന പറഞ്ഞശേഷം ഇയാള്‍ ഓടിമറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ദക്ഷിണേഷ്യന്‍, മിഡില്‍ ഈസ്‌റ്റേണ്‍ പൗരന്മാര്‍ക്കു നേര്‍ക്കുള്ള വംശീയ വിദ്വേഷത്തിന്റെ ഭാഗമാണിതെന്ന് ഹിന്ദു അമേരിക്കന്‍ സംഘടന ആരോപിച്ചു. വര്‍ദ്ധിച്ചുവരുന്ന ഇത്തരം സംഭവങ്ങളില്‍ സംഘടന ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അക്രമിയുടെ ലക്ഷ്യമെന്താണെന്നോ അയാള്‍ എന്തിനാണ് തന്നെ മര്‍ദ്ദിച്ചതെന്നോ വ്യക്തമല്ലെന്ന് സുധാകര്‍ പറഞ്ഞു. അക്രമിക്ക് ഉചതമായ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും രണ്ടു വര്‍ഷം മുമ്പ് ഷെഫായി ഒമഹയില്‍ എത്തിയതിനു ശേഷം ഇത്തരം ഒരു അനുഭവം ആദ്യമാണെന്നും സുധാകര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല