സ്വന്തം ലേഖകന്‍: മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ യുഎസ് ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ച ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍ കുമാര്‍ ബാബുഭായ് പട്ടേല്‍ എന്ന ഇന്ത്യക്കാരനാണ് അമേരിക്കന്‍ എമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സമന്റെ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആവശ്യത്തിനുള്ള രേഖകള്‍ ഇല്ലെന്ന് ആരോപിച്ചാണ് അറ്റ്‌ലാന്റ എമിഗ്രേഷന്‍ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തത്.
ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വച്ചാണ് അതുല്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഇക്വഡോറില്‍ നിന്ന് മെയ് 10നാണ് അതുല്‍ അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ആവശ്യമുള്ള രേഖകള്‍ ഇല്ലെന്നു കാട്ടി എമിഗ്രേഷന്‍ അധികൃതര്‍ അതുലിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക വൈദ്യപരിശോധനയില്‍ ഇദ്ദേഹത്തിന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
രണ്ടു ദിവസം എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ വെച്ച ശേഷം വീണ്ടും പരിശോധനക്ക് കൊണ്ടുപോയപ്പോള്‍ ശ്വാസ സംബന്ധിയായ ബുദ്ധിമുട്ട് കണ്ടെത്തിയതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം മരിക്കുകയായിരുന്നു എന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഒരാഴ്ചക്കിടെ അമേരിക്കന്‍ എമിഗ്രേഷന്‍ വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ ആളാണ് ബാബുഭായ് പട്ടേല്‍.
ഈ വര്‍ഷം ഇതുവരെ എട്ടുപേര്‍ ഇത്തരത്തില്‍ മരണപ്പെട്ടിരുന്നു.
വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുന്നവര്‍ മരിക്കുന്നതിനെതിരെ അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവരെ പാര്‍പ്പിക്കുന്ന സെന്ററുകള്‍ അടച്ചുപൂട്ടണമെന്നാണ് ഇവരുടെ ആവശ്യം. അനധികൃതമായി രാജ്യത്തെത്തുന്നവരെ അറസ്റ്റു ചെയ്യാണമെന്ന കര്‍ശന നിര്‍ദേശമാണ് പ്രസിഡന്റ് ട്രംപ് എമിഗ്രേഷന്‍ വകുപ്പിന് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല