കുവൈറ്റില്‍ അഞ്ചുദിവസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇടപ്പാറ റമീസിന്റെ (28) മൃതദേഹമാണ് സുര്‍റയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
കുവൈത്തിലെ ഒരു കമ്പനിയില്‍ എന്‍ജിനിയറായി രണ്ടുമാസം മുന്‍പാണ് റമീസ് നാട്ടില്‍നിന്ന് പുറപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അബൂഹലീഫയിലെ താമസസ്ഥലത്തുനിന്ന് ഭക്ഷണം കഴിക്കാനായി പുറത്തുപോയ യുവാവിനെ പിന്നീടാരും കണ്ടിട്ടില്ല. റമീസ് തിരികെ എത്താത്തിനെ തുടര്‍ന്ന് സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ തിരോധാനം സംബന്ധിച്ച് കുവൈത്ത് സിറ്റി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സുര്‍റയില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടുവെന്ന് ഒരാള്‍ പൊലീസില്‍ വിവരമറിയിച്ചത്. ആദ്യം ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിലും മൃതദേഹം പുറത്തെടുത്ത് പരിശോധിച്ച ശേഷമാണ് പോലീസ് ഇത് റമീസാണെന്ന് തിരിച്ചറിഞ്ഞത്.
അഹമ്മദിയിലുള്ള ഒരു കമ്പനിയില്‍ എന്‍ജിനീയറായിരുന്നു റമീസ്. ഇദ്ദേഹം താമസിക്കുന്നിടത്തുനിന്ന് നാല്‍പതു കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടത്തിയ സുറ.
ഈ മാസം ഇരുപതിനാണ് റമീസിന് വിസ സ്റ്റാമ്പ് ചെയ്തു ലഭിച്ചത്. കുവൈറ്റിലേക്കു വരുന്നതിനു മുന്‍പ് റമീസിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. അടുത്ത അവധിയില്‍ നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താനിരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല