സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മദ്യലഹരിയില്‍ തട്ടിയെടുത്ത ഇരുനില ബസുമായി വിളയാട്ടം നടത്തിയ ഇന്ത്യക്കാരന് 21 മാസം തടവ്. ഇരുനില ബസ് തട്ടിയെടുത്ത് അപകടകരമാം വിധം ഓടിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനായ ദീപക് മല്‍ഹോത്ര (35) എന്ന യുവാവിനാണ് ഹാരോക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്.
ജൂലൈ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ദീപക് മല്‍ഹോത്ര ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വാട്‌ഫോര്‍ഡ് ബസ് സ്റ്റേഷനില്‍ രാത്രി പാര്‍ക്ക് ചെയ്തിരുന്ന ബസ് തട്ടിയെടുത്ത് നഗരത്തിലൂടെ ഓടിക്കുകയായിരുന്നു. സിഗ്‌നലുകള്‍ ലംഘിച്ച് ബസ് ഓടിച്ച ദീപക് നടപ്പാതകളും ഇടിച്ചുതകര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ല.
മദ്യപിച്ച് വാഹനമോടിച്ചതടക്കം മുപ്പതോളം കേസുകളില്‍ പ്രതിയാണ് ദീപക് മല്‍ഹോത്ര. എന്നാല്‍ കുടുംബപ്രശ്‌നങ്ങള്‍ നിമിത്തം ആത്മഹത്യാശ്രമമാണ് തന്റെ കക്ഷി ചെയ്തതെന്നും സംഭവത്തില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടെന്നും മല്‍ഹോത്രയുടെ അഭിഭാഷകന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല