സ്വന്തം ലേഖകന്‍: യുക്രൈനില്‍ രണ്ടു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ കുത്തിക്കൊന്നു, പ്രതികളായ ഉക്രൈന്‍ പൗരന്മാര്‍ പിടിയില്‍. മുസാഫര്‍നഗര്‍ സ്വദേശിയായ പ്രണവ് ശാന്തില്യ, ഗാസിയാബാദ് സ്വദേശി അങ്കുര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും പരുക്കേറ്റ ആഗ്ര സ്വദേശി ഇന്ദ്രജിത്ത് സിങ് ചൗഹാന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികളായ യുക്രൈന്‍ പൗരന്മാരെ യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് രക്തക്കറയുള്ള കത്തിയും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പാസ്‌പോര്‍ട്ടും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുക്രൈനിലെ ഉസ്ഗറോഡ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ പ്രണവും അങ്കുറും ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ആക്രമണത്തിനിരയായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കീവിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല