1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിൽ പുരുഷൻമാർക്കിടയിൽ ആത്മഹത്യ കൂടുന്നു. 2022-ൽ ഇന്ത്യയിൽ 1,70,924 പേരാണ് ജീവനൊടുക്കിയത്. ഇതിൽ 1,22,724 പേരും പുരുഷന്മാരാണ്‌. കേരളത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഇത് യാഥാക്രമം 8031-ഉം 2129-ഉം. ഓരോവർഷവും ഈ അനുപാതം കൂടിവരികയാണ്‌. 2018-ഓടുകൂടിയാണ് കേരളത്തിൽ പുരുഷ ആത്മഹത്യകളിൽ പൊടുന്നനെ വർധനയുണ്ടായത്.

ആ വർഷം 6364 പുരുഷന്മാരും 1873 സ്ത്രീകളുമാണ് ജീവനവസാനിപ്പിച്ചത്. 2020-നെ അപേക്ഷിച്ച് 2022-ൽ പുരുഷ ആത്മഹത്യകളിൽ 22.24 ശതമാനം വർധനയുണ്ടായെന്നും സ്ത്രീകളിൽ ഇത് 10.3 ശതമാനം മാത്രമാണെന്നും കോഴിക്കോട് ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടർ ഡോ. ­പി.എൻ. സുരേഷ്‌കുമാർ നടത്തിയ പഠനത്തിൽ പറയുന്നു.

കഴിഞ്ഞ മൂന്നുവർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ (2020-’22) 45 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകളുണ്ടായത്. 2020-ൽ ഈ പ്രായത്തിലുള്ള 3689 പേരാണ് ജീവനൊടുക്കിയത്. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളിലാണ് മരണനിരക്ക് കുറവ്. 2020-ൽ 146 കുട്ടികളാണ് ആത്മഹത്യചെയ്തത്.

വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നതാണ് പ്രായം കൂടിയവരിലെ ആത്മഹത്യപ്രവണതയ്ക്ക് ആക്കംകൂട്ടുന്നതെന്ന്‌ മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. സാമ്പത്തികപ്രയാസം, പ്രിയപ്പെട്ടവരുടെ മരണം, കുടുംബപ്രശ്നം, അസുഖങ്ങൾ, മക്കളില്ലാത്തതിന്റെ നിരാശ, മാനസികപ്രശ്നങ്ങൾ എന്നിവയും കാരണങ്ങളാണ്. വിഷാദരോഗവും ഈ പ്രായത്തിലുള്ളവരിൽ കൂടുതലാണ്. ശാരീരികക്ഷമതയില്ലായ്മ, ഹൃദയസംബന്ധമായ രോഗങ്ങൾ, അർബുദം തുടങ്ങിയ രോഗങ്ങളും അവ ഭേദമാകില്ലെന്ന ചിന്തയും ആത്മഹത്യക്ക് കാരണമാകുന്നു.

ദിവസക്കൂലിക്ക് ജോലിചെയ്യുന്ന പുരുഷന്മാരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യചെയ്യുന്നത്. ഇന്ത്യയിലാകെയും അങ്ങനെതന്നെ. ആകെ ആത്മഹത്യകളിൽ 26.4 ശതമാനവും ഇൗ മേഖലയിൽ നിന്നുള്ളവരുടേതാണ്. ഇത്തരത്തിൽ മൊത്തം 3613 ആത്മഹത്യകളാണ് കേരളത്തിലുണ്ടായത്. ഇതിൽ 3421 പേരും പുരുഷന്മാരാണ്. സ്ത്രീകൾ 190 പേരും. കാർഷികമേഖലയിൽ ജോലിചെയ്യുന്നവരാണ് തൊട്ടുപിന്നിൽ 13 ശതമാനം. സ്വയംതൊഴിൽചെയ്തു ജീവിക്കുന്നവരിൽ 12 ശതമാനവും ജീവനൊടുക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.