സ്വന്തം ലേഖകന്‍: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറി, നാവികനെ പിരിച്ചുവിട്ട് ഇന്ത്യന്‍ നാവികസേന. വിശാഖപട്ടണം സ്വദേശി മനീഷ് കെ ഗിരി (25) ക്കാണ് ലിംഗമാറ്റത്തിന്റെ പേരില്‍ ജോലി പോയത്. ജോലിയില്‍ പ്രവേശിച്ച സമയത്തെ യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് പിരിച്ചു വിടലെന്ന് സേന വക്താവ് കമാന്‍ഡര്‍ സി.ജി. രാജു അറിയിച്ചു. ഒരു വര്‍ഷം മുമ്പ് അവധിയില്‍ പ്രവേശിച്ച സമയത്താണ് മനീഷ് രഹസ്യമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.
സേനയില്‍ ചേരുമ്പോള്‍ പുരുഷനായിരിക്കുകയും പിന്നീട് ലിംഗമാറ്റം വരുത്തുകയും ചെയ്താല്‍ നിലവിലെ നിയമപ്രകാരം ജീവനക്കാരനെ പിരിച്ചുവിടാമെന്ന് നിയമം അനുശാസിക്കുന്നതായി വക്താവ് അറിയിച്ചു. എന്നാല്‍, തന്‍ന്നെ പിരിച്ചുവിട്ടത് അവിശ്വസനീയ വാര്‍ത്തയാണെന്ന് ഇപ്പോള്‍ സബി എന്ന് വിളിക്കുന്ന മനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പെണ്ണായെങ്കിലും താന്‍ പഴയതുപോലെ കഴിവും പ്രാപ്തിയുമുള്ള വ്യക്തിയാണ്. ഏത് പുരുഷ നാവികനെയും പോലെ തുടര്‍ന്നും ജോലി ചെയ്യാന്‍ കഴിയും. ജോലി തിരിച്ചുകിട്ടാന്‍ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കമെന്നും സബി വ്യക്തമാക്കി.
നാവികസേന മറൈന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ സാധാരണ റിക്രൂട്ട്‌മെന്റിലൂടെ 2010 ലാണ് ജോലിക്ക് ചേര്‍ന്നത്. നാലു വര്‍ഷം പിന്നിട്ടപ്പോഴേക്കും സ്ത്രീയായി മാറാനുള്ള ആഗ്രഹം ശക്തമായതിന്‍നെ തുടര്‍ന്ന് വിശാഖപട്ടണത്തെ ഡോക്ടര്‍മാരെ കാണുകയും അവരുടെ നിര്‍ദേശപ്രകാരം മൂന്നാഴ്ച അവധിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. അവധി തീരുന്ന അന്നുതന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും പെണ്ണായി മാറിയ വിവരം അധികൃതരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു.
എന്നാല്‍ അതിനിടെ മൂത്രനാളിയില്‍ അസുഖം ബാധിച്ച് നാവികസേനയിലെതന്നെ ഡോക്ടര്‍മാരെ കാണേണ്ടി വന്നപ്പോഴാണ് ലിംഗമാറ്റം പുറത്തായത്. തുടര്‍ന്ന് നാവിക ആശുപത്രിയിലെ മനഃശാസ്ത്ര ചികിത്സക്ക് വിധേയമാക്കി. പുരുഷ വാര്‍ഡിലാണ് താമസിപ്പിച്ചതെന്നും അവിടെ ചെലവഴിച്ച ആറുമാസം കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചെന്നും സബി പറയുന്നു. പിന്നീട് രോഗമൊന്നുമില്ലെന്ന റിപ്പോര്‍ട്ടോടെ ഡോക്ടര്‍ മടക്കി അയച്ചു. അതിനു ശേഷം ഓഫീസ് ജോലികള്‍ക്ക് അധികൃതര്‍ നിയോഗിച്ചെങ്കിലും വൈകാതെ പിരിച്ചുവിടല്‍ ഉത്തരവ് പിന്നാലെ എത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല