1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2022

സ്വന്തം ലേഖകൻ: ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ പുറത്തിറക്കി. ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മകളെ പൂര്‍ണ്ണമായും ഇല്ലാതാക്കി കൊണ്ടാണ് പുതിയ പതാക രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രി നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്തത്.

മറാഠാ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു ഛത്രപതി ശിവജിയുടെ മുദ്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഘടകങ്ങളും പുതിയ പതാകയിലുണ്ട്. പുതിയ പതാകയുടെ മുകളിലായി ദേശീയ പതാകയുണ്ട്. കൂടാതെ നീല അഷ്ടഭുജാകൃതിയിലുള്ള ഒരു കവചത്തിനുള്ളിലായി അശോക സ്തംഭവും ഒരു നങ്കൂരചിഹ്നവും ഉള്‍ക്കൊള്ളിച്ചിട്ടുള്ള മുദ്രയും കാണാം.

നീല അഷ്ടഭുജാകൃതിയിലുള്ള കവചം ഇന്ത്യന്‍ നാവികസേനയുടെ വ്യാപ്തിയെയും ബഹുമുഖ പ്രവര്‍ത്തന ശേഷിയെയും എട്ട് ദിശകളെയും പ്രതിനിധീകരിക്കുന്നുവെന്ന് നാവികസേന പറഞ്ഞു. നങ്കൂരചിഹ്നം ദൃഢനിശ്ചയത്തെ പ്രതിനിധീകരിക്കുന്നുവെന്നും നാവികസേന വ്യക്തമാക്കുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാംതവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.

വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ യോജിക്കുന്നിടത്ത് ദേശീയചിഹ്നമായ അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമായിരുന്നു ഇതുവരെയുള്ള നാവികസേനാ പതാക. ചുവന്ന വരികള്‍ സെന്റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെടുക. 1928 മുതല്‍ സെന്റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേര്‍ത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാല്‍ നിറം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്റെ നിറം വീണ്ടും മാറ്റി. 2014-ലാണ് അവസാനമായി മാറ്റംവരുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.