സ്വന്തം ലേഖകന്‍: ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍. അമേരിക്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്നാണ് ഇന്ത്യന്‍ പൗരനെതിരെയുള്ള വംശീയ അതിക്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പൗരനായ നരീന്ദെര്‍വീര്‍ സിംഗിനെതിരെയാണ് ആക്രമണമുണ്ടായത്. ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ആക്രമണം.
കാറില്‍ നിന്ന് ഒരു വീഡിയോ ചിത്രീകരിച്ചു കൊണ്ടിരിക്കെയാണ് സിംഗിനെതിരെ വംശീയ ആക്രമണമുണ്ടായത്. തുടര്‍ന്ന് അതിക്രമത്തിന്റെ വീഡിയോ സിംഗ് ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു. താന്‍ വീഡിയോ ലൈവ് സ്ട്രീം ചെയ്യുകയാണെന്ന് പറഞ്ഞതോടെ അധിക്ഷേപം വീണ്ടും ശക്തമായെന്നും സിംഗ് പറഞ്ഞു.
ചാരനിറമുള്ള ടി ഷര്‍ട്ട് ധരിച്ചെത്തിയ വെള്ളക്കാരനും കൂടെയുണ്ടായിരുന്ന സ്ത്രീയും സിംഗിന്റെ കാറിനെ പിന്തുടരുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്തി അടുത്തെത്തിയ ആക്രമി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയെന്ന് അലറുകയായിരുന്നു. സംഭവത്തെക്കുറിച്ച് സിംഗ് പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ആഴ്ച ഓക്ക്‌ലന്‍ഡില്‍ ബിക്രംജിയ് സിംഗ് എന്നയാള്‍ക്കെതിരെയും ഡ്രൈംവിംഗിനിടെ വംശീയ അധിക്ഷേപം നടന്നിരുന്നു.
അമേരിക്കയില്‍ ഇന്ത്യക്കാര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ന്യൂസിലന്‍ഡില്‍ നിന്നും ഇന്ത്യക്കാര്‍ക്കെതിരായ അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അമേരിക്കയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് തവണയാണ് ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണമുണ്ടായത്. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല