വാഹാനാപകടത്തില്‍ മരിച്ച ആളുടെ പോക്കറ്റില്‍ നിന്നും ലഭിച്ച വന്‍തുക ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് കൈമാറിയ ഇന്ത്യന്‍ നഴ്‌സിന് സൗദിയില്‍ പ്രശംസ. കഴിഞ്ഞ ദിവസം സൗദിയില്‍ ഏഷ്യന്‍ വംശജര്‍ സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടി അപകടത്തില്‍ പെടുകയായിരുന്നു.
ഇതില്‍ ഒരാള്‍ മരിക്കുകയും മറ്റു ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ആശുപത്രിയെലെത്തിച്ച ആളുടെ പോക്കറ്റില്‍ 20,000 സൗദി റിയാലാണുണ്ടായിരുന്നത്. (ഏകദേശം മൂന്നര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്ന ഇന്ത്യന്‍ നഴ്‌സാണ് തുക ആശുപത്രി അധികൃതരെ ഏല്‍പ്പിച്ചത്. യുവതിയുടെ സത്യസന്ധതയും അര്‍പ്പണ ബോധവുമാണ് സംഭവത്തിലൂടെ വെളിവായതെന്ന് സൗദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സത്യസന്ധത കാട്ടിയ ഇന്ത്യന്‍ നേഴ്‌സിന് ഉപഹാരം നല്‍കണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലെ നിരവധി ബ്ലോഗര്‍മാരും ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ ഉപയോക്താക്കളുമാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഗള്‍ഫ് ന്യൂസിന്റെ വാര്‍ത്തയില്‍ ഈ നേഴ്‌സിന്റെ പേര് പറഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല