സ്വന്തം ലേഖകന്‍: രണ്ടു മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൈജീരയയുടേയും ബെനിനിന്റെയും നാവിക സേനയുടെ സഹായത്തോടെ സാധ്യമായ രീതിയിലെല്ലാം കപ്പല്‍ കണ്ടെത്താന്‍ പരിശ്രമിക്കും. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രിഅറിയിച്ചു.
ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള പാനമ രജിസ്‌ട്രേഷനുള്ള എംടി മറൈന്‍ എ ക്‌സ്പ്രസ് എന്ന കപ്പലാണ് കഴിഞ്ഞ 31ന് വൈകുന്നേരം ആറരയോടെ കാണാതായത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനീനിലെ കൊറ്റോനോ തീരത്തുവച്ചാണ് കപ്പലില്‍നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ഷിപ്പിംഗ് കമ്പനിയുടെ സാ ങ്കേതിക വിഭാഗത്തിനു പിറ്റേന്നു പുലര്‍ച്ചെ 2.36ന് ഗിനിയ ഉള്‍ക്കടലില്‍വച്ച് കപ്പലുമായുളള ആശയവിനിമയവും സാധ്യമല്ലാതായി. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പെരിലാവളപ്പ് അശോകന്റെ മകന്‍ ശ്രീഉണ്ണി(25)യും കോഴിക്കോട് സ്വദേശിയുമാണ് കപ്പലിലുള്ള മലയാളികള്‍.
കപ്പല്‍ കാണാതായ വിഷയത്തില്‍ ഇടപെട്ട കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിനായി ബെനീനിലെയും നൈജീരിയയിലെയും സര്‍ക്കാരുകളുടെ സഹായം തേടിയിട്ടുണ്ട്. കപ്പല്‍ അവസാനമായി നങ്കൂരമിട്ട പ്രദേശത്ത് നൈജീരിയന്‍ നാവികസേനയും തീര സംരക്ഷണസേനയും തെരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവ രവും ലഭിച്ചിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. കപ്പല്‍ കണ്ടെത്താനായിട്ടില്ലെന്നു നൈജീരിയന്‍ തലസ്ഥാനമായ അബൂജയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി. മേഖലയില്‍ ഒരുമാസത്തിനിടെ ഇതു രണ്ടാംതവണയാണ് കപ്പല്‍ കാണാതാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല