സ്വന്തം ലേഖകൻ: വിമാന അപകടത്തില്‍ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ സ്ത്രീ മരിച്ചു. മകള്‍ക്കും വിമാനത്തിന്റെ പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. 63-കാരിയായ റോമ ഗുപ്തയാണ് മരിച്ചത്. 33-കാരിയായ മകള്‍ റീവ ഗുപ്തയ്ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച ചെറുവിമാനം ലോങ് ഐലന്‍ഡിന് സമീപം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന് വീഴുന്നതിന് മുമ്പായി വിമാനത്തിന് തീ പിടിച്ചതായാണ് റിപ്പോര്‍ട്ട്.
ലോംഗ് ഐലന്‍ഡിലെ റിപ്പബ്ലിക് വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ നാല് സീറ്റുകളുള്ള സിംഗിള്‍ എഞ്ചിന്‍ പൈപ്പര്‍ ചെറോക്കി വിമാനത്തിനാണ് തീപിടിച്ചത്. തകര്‍ന്നുവീണ ഉടന്‍ തന്നെ റോമ മരിച്ചു.റീവയും 23-കാരനായ പൈലറ്റ് ഇസ്ട്രക്ടറും നിലവില്‍ ആശുപത്രിയിലാണ്. രണ്ട് പേര്‍ക്കും ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളിയ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഫിസിഷ്യന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയാണ് യുഎസില്‍ റീവ. അപകടത്തില്‍പ്പെട്ട വിമാനം ആളുകള്‍ക്ക് പറക്കല്‍ അനുഭവങ്ങള്‍ നല്‍കുന്നതിനായിട്ടാണ് സജ്ജീകരിച്ചിരുന്നത്. സാങ്കേതിക പ്രശ്‌നങ്ങളും നേരത്തെ ഉണ്ടായിരുന്നില്ല. എല്ലാ പരിശോധനകളും പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല